പ്രശാന്ത് ഭൂഷണ് ഒരു രൂപ പിഴ; സപ്തംബർ 15 നകം പിഴ അടച്ചില്ലെങ്കിൽ മൂന്നുമാസം തടവ്
ന്യൂഡൽഹി :പ്രമുഖ അഭിഭാഷകനും സാമൂഹ്യ പ്രവർത്തകനുമായ പ്രശാന്ത് ഭൂഷണ് സുപ്രീംകോടതി ഒരു രൂപ പിഴ ശിക്ഷ വിധിച്ചു. സപ്തംബർ 15 നകം പിഴ അടച്ചില്ലെങ്കിൽ മൂന്നുമാസം തടവ് അനുഭവിക്കണം. ഭൂഷൺ ഗുരുതരമായ ക്രിമിനൽ കോടതിഅലക്ഷ്യം നടത്തിയെന്ന് സുപ്രീംകോടതി നേരത്തെ വിധിച്ചിരുന്നു. പ്രശാന്ത് ഭൂഷന്റെ ട്വിറ്റര്‍ കുറിപ്പുകളുടെ പേരില്‍ സ്വമേധയാ എടുത്ത കേസിലാണ് ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ചിന്റെ വിധി. ജസ്റ്റിസ് അരുൺ മിശ്ര സപ്തംബർ രണ്ടിന് വിരമിക്കാനിരിക്കെയാണ് വിധി. ജ.ബി ആർ ഗവായ്, ജ.കൃഷ്ണ മുരാരി എന്നിവരായിരുന്നു ബെഞ്ചിലെ മറ്റ് ജഡ്ജിമാർ.
ഭൂഷണെ വെറുതെവിടണമെന്നു വ്യാപകമായ ആവശ്യം ഉയർന്നിരുന്നു. എന്നാൽ മാപ്പ് പറഞ്ഞാൽ ശിക്ഷ ഒഴിവാക്കാമെന്ന കോടതി നിർദേശം ഭൂഷൺ തള്ളിയിരുന്നു. ആറുമാസംവരെ തടവ് ശിക്ഷ ലഭിക്കാവുന്നകുറ്റമാണിത്. ട്വിറ്റർ ഇന്ത്യയെ കേസിൽനിന്ന് നേരത്തെ ഒഴിവാക്കിയിരുന്നു .
ഭാവിയിൽ ചരിത്രകാരന്മാർ കഴിഞ്ഞ ആറ് വർഷങ്ങളിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ, ഔദ്യോഗികമായി അടിയന്തരാവസ്ഥ പ്രഖ്യാപിക്കാതെ ഇന്ത്യയിലെ ജനാധിപത്യം എങ്ങനെ തകർക്കപ്പെട്ടെന്ന് അവർ വിലയിരുത്തുമ്പോൾ, അതിൽ സുപ്രീംകോടതിയുടെയും കഴിഞ്ഞ നാല് ചീഫ്ജസ്റ്റിസുമാരുടെയും പങ്ക് പ്രത്യേകം രേഖപ്പെടുത്തപ്പെടും’–- എന്നായിരുന്നു പ്രശാന്ത് ഭൂഷന്റെ ജൂൺ 27ലെ ട്വീറ്റ്.
‘ഇന്ത്യയുടെ ചീഫ്ജസ്റ്റിസ് നാഗ്പുർ രാജ്ഭവനിൽ ബിജെപി നേതാവിന്റെ
50 ലക്ഷം വിലയുള്ള ആഢംബര ബൈക്ക് ഹെൽമെറ്റ് ഇല്ലാതെ ഓടിക്കുന്നു. സുപ്രീംകോടതി ലോക്ക്ഡൗണിലാണ്. സാധാരണ പൗരന്റെ നീതി ലഭിക്കാനുള്ള മൗലികാവകാശം നിഷേധിക്കപ്പെടുന്നു’–എന്നാണ് ജൂൺ 29 ലെ ട്വീറ്റ്. ഈ ട്വീറ്റുകളിൽ ജസ്റ്റിസ് അരുൺമിശ്രയുടെ ബെഞ്ച് സ്വമേധയാ കോടതിഅലക്ഷ്യ നടപടികൾ സ്വീകരിക്കുകയായിരുന്നു.
ജനങ്ങളുടെ വിശ്വാസമാണ് നീതിന്യായ വ്യവസ്ഥയുടെ അടിത്തറയെന്നും അതിളക്കുന്ന ദുഷ്പ്രചാരണമാണ് പ്രശാന്ത് ഭൂഷൺ നടത്തിയതെന്നും ഭൂഷണെ കുറ്റക്കാരനെ ന്ന് കണ്ടെത്തിയ വിധിയില്‍ പറഞ്ഞിരുന്നു. ഇത്തരം ചെളിവാരിയെറിയലുകൾ പ്രതിരോധിച്ചില്ലെങ്കിൽ സാധാരണക്കാർക്കും നിയമമേഖലയിലുള്ളവർക്കും സുപ്രീംകോടതിയിലുള്ള വിശ്വാസം നഷ്ടപ്പെടും. 30 കൊല്ലമായി അഭിഭാഷകരംഗത്തുള്ള വ്യക്തിയുടെ പരാമര്‍ശം കുറ്റകൃത്യത്തിന്റെ ഗൗരവം വർധിപ്പിക്കുന്നുവെന്നും പറയുന്നു.
ആറ് വർഷമായി ജനാധിപത്യം തകർക്കുന്നതിൽ സുപ്രീംകോടതിയും നാല് ചീഫ്ജസ്റ്റിസുമാരും പങ്ക് വഹിച്ചുവെന്ന പരാമർശം ഭരണഘടന അനുസരിച്ചുള്ള ‘ന്യായമായ വിമർശനമായി’ കണക്കാക്കില്ല. പ്രശാന്ത് ഭൂഷൺ വസ്തുതകൾ വളച്ചൊടിച്ചെന്നും വിധിന്യായത്തിൽ കുറ്റപ്പെടുത്തിയിരുന്നു.