ലഡാക്കിൽ വീണ്ടും ഇന്ത്യ-ചൈന സംഘർഷം; പാംഗോംഗ് തീരത്തെ ചൈനീസ് നീക്കം ശക്തമായി ചെറുത്ത് ഇന്ത്യ
ന്യൂഡൽഹി: ലഡാക്കിലെ പാംഗോംഗ് നദീതീരത്ത് വീണ്ടും ചൈനീസ് പ്രകോപനം. നിയന്ത്രണ രേഖ ലംഘിച്ച് പ്രകോപനം സൃഷ്ടിക്കാൻ ശ്രമിച്ച ചൈനീസ് നീക്കത്തെ ശക്തമായി ചെറുത്ത് ഇന്ത്യൻ സേന. ഇന്ത്യൻ പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയനുസരിച്ച് കിഴക്കൻ ലഡാക്കിൽ പാംഗോംഗ് സോ തടാകക്കരയുടെ തെക്ക് ഭാഗത്ത്, ആഗസ്റ്റ് 29, 30 തീയതികളിലാണ് നിലവിലെ സ്ഥിതിയെ തകിടം മറിക്കാൻ ഉദ്ദേശിച്ചുകൊണ്ടുള്ള ചൈനീസ് പ്രകോപനം ഉണ്ടായത്.എന്നാൽ ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമിയുടെ ഈ ശ്രമം ഇന്ത്യൻ സൈന്യം ശക്തമായി തടഞ്ഞുവെന്നും കേന്ദ്രം വ്യക്തമാക്കുന്നു. ലഡാക്ക് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ മുൻപ് നടന്ന ചർച്ചകളിലൂടെ ഇന്ത്യയും ചൈനയും എത്തിചേർന്ന ധാരണകൾക്ക് വിഘാതമായാണ് ചൈന ഇപ്പോൾ ഇങ്ങനെയൊരു നീക്കം നടത്തിയതെന്നും കേന്ദ്ര പ്രതിരോധ മന്ത്രാലയം പറഞ്ഞു.ചൈനീസ് നീക്കം ഇന്ത്യൻ സൈനികർ മുൻകൂട്ടി അറിഞ്ഞുവെന്നും നിയന്ത്രണരേഖയ്ക്കുള്ളിലെ ഇന്ത്യൻ പ്രദേശം ശക്തമാക്കാനുള്ള നീക്കങ്ങൾ സൈന്യം നടത്തിയെന്നും ചൈനീസ് ഉദ്ദേശ്യങ്ങളെ സേന വിഫലമാക്കിയെന്നും കേന്ദ്രം അറിയിച്ചു.സമാധാനവും സ്വാസ്ഥ്യവും നിലനിർത്താൻ തന്നെയാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും എന്നാൽ അതിനായി ഇന്ത്യൻ ദേശാതിർത്തികളുടെ അഖണ്ഡതയിൽ രാജ്യം വിട്ടുവീഴ്ച ചെയ്യില്ലെന്നും കേന്ദ്രം ശക്തമായ നിലപാടെടുത്തു. ലഡാക്കിയിലെ ചോഷുളിൽ ഇരു രാജ്യങ്ങളുടെയും സൈനിക പ്രതിനിധികൾ തമ്മിലുള്ള ബ്രിഗേഡിയർ തല ചർച്ചകൾ നടക്കുന്നതിനിടെയാണ് ചൈനയുടെ ഭാഗത്തുനിന്നും ഈ നീക്കം ഉണ്ടായിരിക്കുന്നത്.