കൊലപാതകത്തിന് കാരണമായ വിഷയങ്ങളേയും പിന്നില്‍ പ്രവര്‍ത്തിച്ചവരേയും കണ്ടെത്തും’; വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തില്‍ പിണറായി വിജയന്
തിരുവനന്തപുരം: വെഞ്ഞാറമൂടില്‍ രണ്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്. ഡി.വൈ.എഫ്.ഐ നേതാക്കളായ ഹഖ് മുഹമ്മദ്, മിഥിലാജ് എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയതില്‍ ശക്തമായി അപലിക്കുന്നുവെന്നും സമഗ്രമായ അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയന് ഫേസ്ബുക്കില്‍ പറഞ്ഞു.
ഇരട്ടക്കൊലപാതകത്തിന് നേതൃത്വം നല്‍കിയവരെ പിടികൂടുന്നതിന് സമഗ്രമായ അന്വേഷണം നടത്താന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൊലപാതകത്തിന് കാരണമായ വിഷയങ്ങളേയും പിന്നില്‍ പ്രവര്‍ത്തിച്ചവരേയും കണ്ടെത്തുന്നതിനുതകുന്ന അന്വേഷണം നടത്തുമെന്നും പിണറായി വിജയന് പറഞ്ഞു. ഹഖ് മുഹമ്മദിനും, മിഥിലാജിനും ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഞായറാഴ്ച രാത്രിയോടെയായിരുന്നു സംഭവം. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന മിഥിലാജിനെയും ഹക്ക് മുഹമ്മദിനെയും കൂടെയുണ്ടായിരുന്ന എസ്.എഫ്.ഐ നേതാവ് ഷഹിനെയും മാരകായുധങ്ങളുമായി എത്തിയ ഒരു സംഘം ആക്രമിക്കുകയായിരുന്നു. ഇതിനിടെ ഷഹിന്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ഗുരുതരമായി വെട്ടേറ്റ മിഥിലാജ് സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചു. പരുക്കേറ്റ ഹക്ക് മുഹമ്മദിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് സംഭവത്തിന് പിന്നിലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയതിന് പിന്നില്‍ കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസുമാണെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹിം നേരത്തേ അഭിപ്രായപ്പെട്ടിരുന്നു. രണ്ട് മാസങ്ങള്‍ക്ക് മുമ്പ് ഫൈസല്‍ എന്ന പേരുള്ള ഡിവൈഎഫ്.ഐ പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച അതേ സംഘമാണ് ഈ കൊലപാതകങ്ങള്‍ക്ക് പിന്നിലെന്നും റഹിം മാധ്യമങ്ങളോട് പറഞ്ഞു.
കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ ഇന്ന് കരിദിനം ആചരിക്കുമെന്നും റഹിം വ്യക്തമാക്കി.
എന്നാല്‍ കേസില്‍ പിടിയിലായവര്‍ക്ക് യൂത്ത് കോണ്‍ഗ്രസുമായി ബന്ധമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഗുണ്ടകളെ പോറ്റുന്ന പാര്‍ട്ടിയല്ല കോണ്‍ഗ്രസെന്നും ഭരണത്തിലെ പാളിച്ച മറച്ച് വെക്കാന്‍ വാര്‍ത്ത വഴിതിരിച്ച് വിടുകയാണ് ചെയ്യുന്നതെന്നും ചെന്നിത്തല പറഞ്ഞു.
ഡി.വൈ.എഫ്.ഐ കലുങ്കിന്മുഖം യൂണിറ്റ് പ്രസിഡന്റാണ് ഹക്ക് മുഹമ്മദ്. തേവലക്കാട് യൂണിറ്റ് അംഗമാണ് മിഥിലാജ്. ആക്രമണം നടത്തിയ സ്ഥലത്തെ സി.സി.ടി.വി ക്യാമറകള്‍ തിരിച്ചുവെച്ചതായും കണ്ടെത്തിയിട്ടുണ്ട്.