ഓണം അന്താരാഷ്ട്ര ഉത്സവം: കൊറോണയുടെ പശ്ചാത്തലത്തില്‍ ആഘോഷങ്ങള്‍ കരുതലോടെ വേണം; ആശംസ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
ന്യൂദല്‍ഹി : ഓണം അന്താരാഷ്ട്ര ഉത്സവമാണ്. ആഘോഷങ്ങള്‍ കരുതലോടെ വേണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിമാസ റേഡിയോ പരിപാടിയായ മന് കിബാത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വളരെ ഉല്ലാസത്തോടെയും ഉത്സാഹത്തോടെയും ആഘോഷിക്കുന്ന ഉത്സവമാണ് ഓണം. ചിങ്ങമാസത്തിലാണ് ഓണം വരുന്നത്. ഓണാഘോഷത്തിന്റെ ഭാഗമായി ആളുകള്‍ പുതിയ വസ്ത്രങ്ങള്‍ വാങ്ങുകയും, പൂക്കളം ഒരുക്കുകയും. ഓണ സദ്യ കഴിക്കുകയും ചെയ്യുന്നു. വിവിധ മത്സരങ്ങളും, പരിപാടികളും സംഘടിപ്പിക്കുന്നു.
കൊറോണയുടെ പശ്ചാത്തലത്തില്‍ കരുതലോടെ ആയിരിക്കണം ആഘോഷങ്ങള്‍. ഓണത്തിന്റെ സന്തോഷം എല്ലായിടത്തും അനുഭവപ്പെടുന്നുണ്ട്. എല്ലാവര്ക്കും ഓണം ആശംസ നേരുന്നതായും പ്രധാനമന്ത്രി അറിയിച്ചു.
കൊറോണയുടെ ഈ സാഹചര്യത്തില്‍ നമ്മുടെ ഉത്സവങ്ങളില്‍ അഭൂതപൂര്‍വമായ ലാളിത്യവും സംയമനവും കണ്ടു. നമ്മുടെ ഉത്സവങ്ങളും പ്രകൃതിയും തമ്മില്‍ അന്തര്‍ലീനമായ ബന്ധമുണ്ട്. പ്രതികൂല സാഹചര്യങ്ങളോട് പോരാടുന്നവരാണ് കര്‍ഷകര്‍. കൊവിഡ് കാലത്ത് കാര്‍ഷിക ഉത്പ്പാദനം കുറഞ്ഞിരിക്കുകയാണ്.
അതേസമയം തദ്ദേശീയ കളിപ്പാട്ട നിര്‍മ്മാണ മേഖലയെ പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആഗോള കളിപ്പാട്ട വ്യവസായത്തില്‍ ഇന്ത്യയുടെ വിഹിതം വര്‍ദ്ധിപ്പിക്കുന്നതിനും സ്വാശ്രയ ഇന്ത്യയാകുന്നതിനും ഇത് സഹായിക്കും. സംരംഭകര്‍ ഇതിനായി പരിശ്രമിക്കണം.
പ്രാദേശിക കളിപ്പാട്ടങ്ങളുടെ സമ്ബന്നമായ പാരമ്ബര്യം നമ്മുടെ രാജ്യത്ത് ഉണ്ട്. നല്ല കളിപ്പാട്ടങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ വൈദഗ്ദ്ധ്യം നേടിയ കഴിവുള്ളവരും പ്രഗത്ഭരുമായ നിരവധി കരകൗശലത്തൊഴിലാളികള്‍ രാജ്യത്ത് പലയിടങ്ങളിലുമുണ്ട്.
കളിപ്പാട്ടങ്ങള്‍ വെറും വിനോദ ഉപകരണങ്ങള്‍ മാത്രമല്ല. കുട്ടികളുടെ സര്‍ഗാത്മകത പുറത്തെടുക്കാന്‍ സഹായിക്കുന്നവയാണ്. രാജ്യത്തെ ചില പ്രദേശങ്ങള്‍ കളിപ്പാട്ടങ്ങളുടെ കേന്ദ്രങ്ങളായി വികസിക്കുകയാണ്. രാംനഗരത്തിലെ ചന്നപട്ടണം (കര്‍ണാടക), കൃഷ്ണയിലെ കോണ്ടപളളി (ആന്ധ്രാപ്രദേശ്), തമിഴ്നാട്ടിലെ തഞ്ചാവൂര്‍, അസമിലെ ധുബ്രി, യുപിയിലെ വാരണാസി എന്നിവ പോലുളള സ്ഥലങ്ങള്‍ ഉദാഹരണം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.