തിരുവനന്തപുരം: പി.എസ്.സി ലിസ്റ്റ് റദ്ദാക്കിയതിൽ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. കാരക്കോണം സ്വദേശി അനുവാണ്(28) ജീവനൊടുക്കിയത്. റദ്ദാക്കിയ സിവിൽ എക്സൈസ് ലിസ്റ്റിൽ എഴുപത്തിയാറാമത് റാങ്കായിരുന്നു അനുവിന്. ഇന്ന് പുലർച്ചെയാണ് യുവാവിനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.ആത്മഹത്യ കുറിപ്പ് കണ്ടെത്തി. ജോലി ഇല്ലാത്തത് മാനസികമായി തളർത്തിയെന്ന് ആത്മഹത്യ കുറിപ്പിൽ പറയുന്നു. ‘കുറച്ചു ദിവസമായി ആഹാരം വേണ്ട. ശരീരമൊക്കെ വേദന പോലെ. എന്തു ചെയ്യണമെന്നറിയില്ല. കുറച്ചു ദിവസമായി ആലോചിക്കുന്നു. ആരുടെ മുന്നിലും ചിരിച്ച് അഭിനയിക്കാൻ വയ്യ. എല്ലാത്തിനും കാരണം ജോലി ഇല്ലാത്തതാണ്-സോറി.’- കുറിപ്പിൽ പറയുന്നു.കൂലിപ്പണി ചെയ്ത് കിട്ടുന്ന പണമുപയോഗിച്ചായിരുന്നു യുവാവ് ബിരുദപഠനം പൂര്‍ത്തായാക്കിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു. അനു ഉള്‍പ്പെട്ട പി.എസ്.സി റാങ്ക് ലിസ്റ്റിന്റെ കാലാവധി കഴിഞ്ഞ ഏപ്രിലില്‍ അവസാനിച്ചു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ജൂണ്‍ 20 വരെ റാങ്ക് ലിസ്റ്റ് കാലാവധി നീട്ടിയിരുന്നു. റാങ്ക് ലിസ്റ്റിലുള്ള 72 പേര്‍ക്കാണ് നിയമനം ലഭിച്ചത്.