ജി എസ് ടി നഷ്ടപരിഹാരം: കേന്ദ്ര നിർദേശം സ്വീകാര്യമല്ലെന്ന് ഡോ. തോമസ് ഐസക്ക്
തിരുവനന്തപുരം: ജി എസ് ടി നഷ്ടപരിഹാരത്തിന്റെ കാര്യത്തിൽ കേന്ദ്ര നിർദേശം സ്വീകാര്യമല്ലെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്ക് വ്യക്തമാക്കി. കൊവിഡ് മൂലമുണ്ടായ വരുമാനനഷ്ടം സംസ്ഥാനം വായ്പയെടുത്ത് നികത്തണമെന്ന നിർദ്ദേശം പ്രായോഗികമല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.ജി എസ് ടി നഷ്ടപരിഹാരം പൂർണമായും കിട്ടിയേ പറ്റൂ. അത് സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ അവകാശമാണ്.സംസ്ഥാനങ്ങളുടെ വായ്പാ പരിധി ഉയർത്തിയതുകൊണ്ടുമാത്രം കാര്യമില്ല. സംസ്ഥാനങ്ങൾ നേരിട്ട് വായ്പ എടുക്കുമ്പോൾ കൂടുതൽ പലിശ നൽകേണ്ടിവരുന്നു. ഇത് ചെലവ് കൂടുന്നതിന് കാരണമാകുന്നു. ലളിതമായി പരിഹരിക്കേണ്ട പ്രശ്നങ്ങളെ കേന്ദ്രം കൂടുതൽ വഷളാക്കുകയാണ്. കേന്ദ്രം വായ്പയെടുത്ത് നൽകണമെന്നാണ് ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങൾ പോലും നിർദ്ദേശിച്ചത്. സമാന നിലപാടുള്ള സംസ്ഥാനങ്ങളുമായി തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് ചർച്ച നടത്തിയ ശേഷം കേന്ദ്രത്തെ തീരുമാനം ഔദ്യോഗികമായി അറിയിക്കും-മന്ത്രി വ്യക്തമാക്കി.അതിനിടെ ജി എസ് ടി നഷ്ടം നികത്താൻ സംസ്ഥാനങ്ങൾക്ക് നേരിട്ട് വായ്പനൽകാനുളള നിർദ്ദേശത്തെ റിസർവ് ബാങ്ക് എതിർത്തേക്കുമെന്നാണ് റിപ്പോർട്ട്. നേരിട്ടുളള വായ്പാവിതരണത്തിന്റെ ചുമതല നേരിട്ട് വഹിക്കേണ്ടതില്ലെന്നും ഈ ചുമതല കേന്ദ്രസർക്കാർ തന്നെ നിർവഹിക്കട്ടെയെന്നുമാണ് ആർ ബി ഐ നിലപാട്.