മന്ത്രി ജലീലും മതഗ്രന്ഥവും, കുരുക്കുമുറുക്കി കസ്റ്റംസ്: ഗ്രന്ഥത്തിന്റെ തൂക്കംപരിശോധിച്ചു.
കൊച്ചി: ജലീലിനെതിരെ കുരുക്കുമുറുക്കി കസ്റ്റംസ്. നയതന്ത്ര ബാഗേജ് വഴി വന്ന മതഗ്രന്ഥത്തിന്റെ സാംപിൾ വരുത്തിയ കസ്റ്റംസ് ഇതിന്റെ തൂക്കം പരിശോധിച്ചു. ഒരു മതഗ്രന്ഥത്തിന് 576 ഗ്രാം ഭാരമുണ്ടെന്ന് പരിശോധനയിൽ കണ്ടെത്തിയെന്നാണ് റിപ്പോർട്ട്. മുഴുവൻ പാക്കറ്റുകളും പരിശോധിക്കാനും വിശദമായ അന്വേഷണം നടത്താനുമാണ് തീരുമാനമെന്ന് കസ്റ്റംസ് അധികൃതർ പറയുന്നത്. മതഗ്രന്ഥം എന്ന് രേഖപ്പെടുത്തിയ 250 പാക്കറ്റുകളാണ് നയതന്ത്ര ബാഗേജ് വഴി ആകെ എത്തിയത്.യു എ ഇ കോൺസുലേറ്റിൽ നിന്ന് സി ആപ്റ്റിലേക്ക് മുപ്പത്തിരണ്ടുപെട്ടികളാണ് എത്തിയത്. ഇതിൽ രണ്ടെണ്ണം ജീവനക്കാരുടെ മുന്നിൽവച്ച് പൊട്ടിച്ചു. ഇതിൽ മതഗ്രന്ഥങ്ങളാണ് ഉണ്ടായിരുന്നത്. ശേഷിച്ച മുപ്പതുപെട്ടികൾ പൊട്ടിക്കാതെ സി ആപ്റ്റിന്റെ വാഹനത്തിൽ മലപ്പുറത്തേക്ക് കൊണ്ടുപോവുകയായിരുന്നു. ഈ പെട്ടികളിൽ മതഗ്രന്ധത്തിന് പുറമേ മറ്റെന്തെങ്കിലും ഉണ്ടായിരുന്നോ എന്നാണ് കസ്റ്റംസ് അന്വേഷിക്കുന്നത്. ഇതിനാണ് മതഗ്രന്ഥത്തിന്റെ തൂക്കംപരിശോധിച്ചത്.മതഗ്രന്ഥങ്ങൾ കേരളത്തിൽ കിട്ടുമെന്നിരിക്കെ ഇറക്കുമതി എന്തിനായിരുന്നു എന്നും കസ്റ്റംസ് പരിശോധിക്കുന്നത്. സി ആപ്റ്റിൽ ശേഷിച്ച ഒരു പെട്ടി തൂക്കം പരിശോധിക്കാനായി കസ്റ്റംസ് അധികൃതർ കൊണ്ടുപോയിട്ടുണ്ട്. മന്ത്രി ജലീലിന്റെ ഓഫീസ് നിർദ്ദേശിച്ചതിനനുസരിച്ചാണ് പ്രവർത്തിച്ചതെന്നാണ് സി ആപ്റ്റിലെ ഉദ്യോഗസ്ഥർ പറയുന്നത്. അഞ്ച് ജീവനക്കാരിൽ നിന്ന് കസ്റ്റംസ് അധികൃതർ ഇതിനകം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.മലപ്പുറത്തേക്ക് കൊണ്ടുപോകാൻ അടച്ചുമൂടിയ വണ്ടിയിൽ നേരത്തേതന്നെ പുസ്തകങ്ങൾ കയറ്റിയിരുന്നു. ഈ വാഹനത്തിലാണ് മതഗ്രന്ഥങ്ങൾ ഉളളതെന്നു കരുതുന്ന പെട്ടികളും കൊണ്ടുപോയത്. ഇക്കാര്യം ജലീൽ തന്നെ സമ്മതിച്ചിരുന്നു. വാഹനത്തിൽ ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നത്. ഇത് മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥ അനുസരിച്ചാണോ എന്നും സംശയമുണ്ട്.