നിലവറയിലെ ഇരുട്ടിൽ നിന്ന് 45,000ത്തോളം നിധി ശേഖരം ഇനി ലോകത്തിന് കാണാം, പദ്മനാഭന്റെ സമ്പത്ത് ദർശിക്കാൻ മ്യൂസിയം ഒരുങ്ങുന്നു
തിരുവനന്തപുരം: ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിലെ ലോകശ്രദ്ധയാകർഷിച്ച അമൂല്യ നിധിശേഖരം ഭക്തർക്കും സന്ദർശകർക്കും ദർശിക്കാൻ തലസ്ഥാനത്ത് ത്രീ ഡി മ്യൂസിയം ഒരുങ്ങുന്നു. ’ ബി” നിലവറ ഒഴികെയുള്ളവയിലെ അപൂർവ രത്നങ്ങളും ആഭരണങ്ങളുമെല്ലാം ത്രീ ഡി ചിത്രങ്ങളായിവിടെ കാണാനാവും. നിധിശേഖരം പുറത്തെടുക്കുന്നത് സുരക്ഷാപ്രശ്നങ്ങൾക്ക് ഇടയാക്കുമെന്നതിനാലാണ്, അവയുടെ ആകർഷകമായ ത്രീ ഡയമെൻഷണൽ ചിത്രങ്ങൾ കാണാൻ മ്യൂസിയം ഒരുക്കുന്നത്. ക്ഷേത്രത്തിന് അടുത്തായിട്ടാവും മ്യൂസിയം.
നിധി ശേഖരത്തിന്റെ 45,000 ത്തോളം ത്രീ ഡി ചിത്രങ്ങൾ ഇതിനകം എടുത്തിട്ടുണ്ട്. ഇതിന്റെ മൂന്ന് സെറ്റുകളിൽ ഒരെണ്ണം സുപ്രീം കോടതിയിലും, മറ്റൊന്ന് ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസസിലും മൂന്നാമത്തേത് ക്ഷേത്രത്തിലും സൂക്ഷിച്ചിട്ടുണ്ട്. കെൽട്രോണിന്റെ നേതൃത്വത്തിലാണ് ചിത്രങ്ങൾ പകർത്തിയത്. നേരിൽക്കാണുന്നതുപോലുള്ള അനുഭവമായിരിക്കും ത്രീ ഡി ചിത്രങ്ങൾ കാണുമ്പോഴും. പുതിയ ഭരണസമിതി ചുമതലയേറ്റ ശേഷം മ്യൂസിയം സംബന്ധിച്ച അന്തിമ തീരുമാനം കൈക്കൊള്ളും.
തിരുവിതാംകൂർ രാജകുടുംബത്തിനും ഈ ആശയത്തോട് എതിർപ്പില്ലെന്നാണ് അറിയുന്നത്. ലോകമെമ്പാടും നിന്നുള്ള വിനോദ സഞ്ചാരികളുടെ ആകർഷണ കേന്ദ്രമായി മ്യൂസിയം മാറുമെന്നാണ് പ്രതീക്ഷ.അമൂല്യ ശേഖരംഒന്നരലക്ഷം കോടിയിലേറെ രൂപ വിലമതിക്കുന്നത്ഓരോന്നിന്റെയും ആറു ആംഗിളുകളിലുള്ള ചിത്രങ്ങൾനിധിയുടെ ഓരോ ഭാഗങ്ങൾ വരുന്ന 150 - 200 ത്രീ ഡി ചിത്രങ്ങൾ വീതം രണ്ട് വർഷത്തിലൊരിക്കൽ മാറ്റി പ്രദർശിപ്പിക്കുംഅസുലഭ സൗഭാഗ്യംവില പിടിപ്പുള്ള രത്നങ്ങളും സ്വർണാഭരണങ്ങളും നാണയങ്ങളുമെല്ലാം അടങ്ങുന്ന വിസ്മയ ഭണ്ഡാരങ്ങളാണ് ക്ഷേത്രത്തിലെ നിലവറകൾ. 18 അടി നീളമുള്ള ശരപ്പൊളിമാലയുടെ 2500 പീസുകളാണ് നിധിശേഖരത്തിലുള്ളത്. അത്യപൂർവമായ പവിഴങ്ങൾ, യേശുക്രിസ്തുവിന്റെയും സെന്റ് ജോർജിന്റെയും ചിത്രം ഇരുവശത്തുമായി ആലേഖനം ചെയ്ത 1340 ലെ അപൂർവ സ്വർണ കോയിൻ, പെഗോഡാസിന്റെ രൂപങ്ങൾ സ്വർണത്തിലും വെള്ളിയിലുമായി ആലേഖനം ചെയ്ത 2 ലക്ഷം ഷീറ്റുകൾ, കിരീടങ്ങൾ, പൊൻ പാത്രങ്ങൾ, 800 കിലോ വരുന്ന നെൽമണി പോലുള്ള സ്വർണം, കലങ്ങൾ… ഇങ്ങനെ അത്യപൂർവമായ നിധിയുടെ നേർചിത്രങ്ങൾ മ്യൂസിയത്തിലൂടെ കാണാം.