കീഴടങ്ങി തരൂർ ; സംവാദം അവസാനിപ്പിക്കാൻ എല്ലാ സഹപ്രവർത്തകരോടും ആവശ്യപ്പെടുകയാണെന്ന് തരൂരിന്റെ ട്വീറ്റ്
ന്യൂഡൽഹി :കോൺഗ്രസ് നേതൃത്വത്തിൽ അഴിച്ചുപണി ആവശ്യപ്പെട്ട് അയച്ച കത്തിൽ ഒപ്പുവച്ചതിന്റെ പേരിൽ കേരളം ഘടകം ഉയർത്തുന്ന വിമർശനങ്ങളോട് പ്രതികരിക്കാതെ ശശി തരൂർ. കത്ത് കഴിഞ്ഞകാര്യമായി കണക്കാക്കാമെന്ന് കോൺഗ്രസ് അധ്യക്ഷതന്നെ പറഞ്ഞ സാഹചര്യത്തിൽ സംവാദം അവസാനിപ്പിക്കാൻ എല്ലാ സഹപ്രവർത്തകരോടും ആവശ്യപ്പെടുകയാണെന്ന് തരൂർ ട്വിറ്ററിൽ പറഞ്ഞു.
തരൂരിന്റെ ട്വീറ്റ് വന്നതിനുശേഷവും സംസ്ഥാനത്തുനിന്നുള്ള കോൺഗ്രസ് നേതാക്കൾ ആക്രമണം തുടരുകയാണ്. തരൂർ വെറും ഗസ്റ്റ് ആർട്ടിസ്റ്റ് മാത്രമാണെന്ന് കെപിസിസി വർക്കിങ് പ്രസിഡന്റും ലോക്സഭാ ചീഫ്വിപ്പുമായ കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു. തരൂർ ഒരു രാഷ്ട്രീയക്കാരനല്ല. ഗസ്റ്റ് ആർട്ടിസ്റ്റായാണ് വന്നത്. ഇപ്പോഴും ഗസ്റ്റ് ആർട്ടിസ്റ്റായി തുടരുകയാണ്. അദ്ദേഹം വിശ്വപൗരനായിരിക്കും. എന്നാൽ, എന്ത് തീരുമാനവും സ്വന്തം നിലയ്ക്ക് എടുക്കാമെന്ന് വിചാരിക്കരുത്. പാർടിയുടെ നയങ്ങൾക്കും പരിപാടികൾക്കും അനുസരിച്ച് പ്രവർത്തിക്കണമെന്നും- കൊടിക്കുന്നിൽ പറഞ്ഞു.
കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനാണ് തരൂരിനെതിരായ പരിഹാസം തുടങ്ങിവച്ചത്.
കോവിഡ് തുടങ്ങിയതിൽപിന്നെ തരൂരിനെ തിരുവനന്തപുരത്ത് കണ്ടിട്ടില്ലെന്ന് മുല്ലപ്പള്ളി പരിഹസിച്ചു. കത്ത് എഴുതിയതിനെയും വിമർശിച്ചു. തരൂർ ‘ആഗോള നേതാവ്’ എന്നായിരുന്നു കെ മുരളീധരന്റെ പരിഹാസം.
കടന്നാക്രമിച്ച് വീണ്ടും ഗുലാംനബി
കത്തിന്റെ പേരിൽ വിമർശിക്കുന്നവരെ വീണ്ടും കടന്നാക്രമിച്ച് ഗുലാംനബി ആസാദ്. കോൺഗ്രസിനുള്ളിൽ തെരഞ്ഞെടുപ്പ് നടന്നാൽ എവിടെയും എത്തില്ലെന്ന് അറിയുന്നവരാണ് വിമർശിക്കുന്നതെന്ന് ഗുലാംനബി പറഞ്ഞു. കോൺഗ്രസിന്റെ നന്മ ആഗ്രഹിക്കുന്ന എല്ലാവരും കത്തിനെ സ്വാഗതം ചെയ്യും. ബ്ലോക്ക് തലംമുതലുള്ള പ്രസിഡന്റുമാരെ തെരഞ്ഞെടുപ്പിലൂടെ കണ്ടെത്തണമെന്നാണ് ആവശ്യപ്പെടുന്നത്. തെരഞ്ഞെടുപ്പ് നടത്തിയില്ലെങ്കിൽ അടുത്ത 50 വർഷത്തേക്കുകൂടി പ്രതിപക്ഷത്തിരിക്കാം. ദശകങ്ങളായി തെരഞ്ഞെടുക്കപ്പെട്ട സമിതികളില്ല. തിരിച്ചുവരണമെങ്കിൽ സംഘടനാതെരഞ്ഞെടുപ്പ് നടത്തി പാർടിയെ ശക്തിപ്പെടുത്തണം–- ഗുലാംനബി പറഞ്ഞു.