150 കോടിയുടെ ജ്വല്ലറി നിക്ഷേപ തട്ടിപ്പ്: മഞ്ചേശ്വരം എംഎല്‍എ എം സി ഖമറുദ്ദീനെതിരെ കേസ്.
വെട്ടിലായി മുസ്ലീം ലീഗ്
തൃക്കരിപ്പൂര്‍: ജ്വല്ലറിയുടെ പേരില്‍ നിക്ഷേപമായി സ്വീകരിച്ച പണം തിരിച്ചു നല്‍കാത്തതിന് മുസ്ലിംലീഗ് നേതാവും മഞ്ചേശ്വരം എംഎല്‍എയുമായ എം സി ഖമറുദ്ദീനെതിരെ ചന്തേര പൊലീസ് കേസ് രജിസ്റ്റര്‍ചെയ്തു. ചെറുവത്തൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ച ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറിയില്‍ പണം നിക്ഷേപിച്ച കാടങ്കോട്ടെ അബ്ദുള്‍ ഷുക്കൂര്‍ (30 ലക്ഷം), എം ടി പി സുഹറ (15 പവനും ഒരു ലക്ഷവും), വലിയപറമ്പിലെ ഇ കെ ആരിഫ (മൂന്ന് ലക്ഷം) എന്നിവരുടെ പരാതിയിലാണ് കേസ്.
ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി ചെയര്മാന് എം സി ഖമറുദ്ദീന് എംഎല്‍എ, മാനേജിങ് ഡയറക്ടര്‍ ടി കെ പൂക്കോയ തങ്ങള്‍ എന്നിവര്‍ക്കെതിരെയാണ് കമ്പനിയുടെ മറവില്‍ സ്വകാര്യനിക്ഷേപം സ്വീകരിക്കല്‍, വഞ്ചന തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി കേസെടുത്തത്. ഫാഷന്‍ ഗോള്‍ഡിന്റെ ചെറുവത്തൂര്‍, പയ്യന്നൂര്‍, കാസര്‍കോട് ബ്രാഞ്ചുകള്‍ കഴിഞ്ഞ ജനുവരിയില്‍ പൂട്ടിയിരുന്നു. അവയുടെ പേരിലുണ്ടായിരുന്ന സ്വത്തുകളും കൈമാറി. കഴിഞ്ഞ വര്‍ഷം ആഗസ്ത് മുതല്‍ നിക്ഷേപകര്‍ക്ക് ലാഭവിഹിതം നല്‍കിയില്ല.
പണം തിരിച്ചുകിട്ടില്ല എന്നുറപ്പായതോടെയാണ് നിക്ഷേപകര്‍ പരാതി നല്‍കിയത്. 150 കോടിയുടെ നിക്ഷേപമാണ് മൂന്ന് ജ്വല്ലറിയുടെ പേരില്‍ തട്ടിയതെന്നാണ് ആരോപണം. 800 ഓളം നിക്ഷേപകരുണ്ടായിരുന്ന ഫാഷന്‍ ഗേള്‍ഡ് ജ്വല്ലറിയില്‍ പണം നിക്ഷേപിച്ച മദ്രസ അധ്യാപകനുള്‍പ്പെടെയുള്ള ഏഴ് പേര് നേരത്തെ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു.കാഞ്ഞങ്ങാട്ടെ സി ഖാലിദ് (78 ലക്ഷം), മദ്രസ അധ്യാപകന് പെരിയാട്ടടുക്കത്തെ ജമാലുദ്ദീന്‍ (35 ലക്ഷം), തളിപ്പറമ്പിലെ എം ടി പി അബ്ദുള്‍ ബാഷിര്‍ (അഞ്ച് ലക്ഷം), പടന്ന വടക്കെപ്പുറം വാടക വീട്ടില്‍ താമസിക്കുന്ന തളിപ്പറമ്പിലെ എന്‍ പി നസീമ (എട്ട് ലക്ഷം), ആയിറ്റിയിലെ കെ കെ സൈനുദ്ദീന്‍ (15 ലക്ഷം) എന്നിവരാണ് പരാതി നല്‍കിയത്. ജ്വല്ലറി പ്രവര്‍ത്തിച്ചിരുന്ന കാസര്‍കോട്ടെയും പയ്യന്നൂരിലെയും ഭൂമിയും കെട്ടിടവും ബംഗളൂരുവിലെ ആസ്തിയും ചെയര്‍മാനും സംഘവും നേരത്തെ വില്‍പ്പന നടത്തിയിരുന്നു.
വിവാദമായ തൃക്കരിപ്പൂരിലെ വഖഫ് ഭൂമി ഇടപാടിലും എംഎല്‍എ ആരോപിതനായിരുന്നു. ജാമിഅ സഅദിയ ഇസ്ലാമിയ അഗതി മന്ദിരത്തിന്റെ ഭൂമി എംഎല്‍എയുടെ നേതൃത്വത്തിലുള്ള സ്വകാര്യ കോളേജ് ട്രസ്റ്റ് രഹസ്യമായി രജിസ്റ്റര്‍ ചെയ്തു സ്വന്തമാക്കുകയായിരുന്നു. വിവാദമായപ്പോള്‍ ആ ഭൂമി തിരിച്ചു നല്കി. വഖഫ് ബോര്‍ഡ് അന്വേഷണം നടത്തുന്നുണ്ട്.