ഡോ. എം കെ അനൂപ് അന്തരിച്ചു. വിടവാങ്ങിയത് സി ബി എസ് ഇ പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ കാസർകോടിന്റെ അഭിമാനം.
കാസര്‍കോട്: 2002ലെ സി.ബി.എസ്.ഇ പത്താംതരം പരീക്ഷയില്‍ ഇന്ത്യയില്‍ ഒന്നാം റാങ്ക് നേടി കാസര്‍കോട് ജില്ലക്ക് എക്കാലത്തെയും മികച്ച അഭിമാനം പകര്‍ന്ന മിടുമിടുക്കന്‍ ഡോ. എം.കെ.അനൂപ് (34) ഇനി ഓര്‍മ്മ. അണങ്കൂര്‍ ;അനുഗ്രഹയില്‍ അഗ്രികള്‍ച്ചറല്‍ റിട്ട. ജോയിന്റ് ഡയറക്ടര്‍ എം. ഭാസ്കരന്റെയും ശശികലയുടെയും മകനാണ്. രക്താര്‍ബുദത്തെ തുടര്‍ന്ന് ഒന്നരവര്‍ഷത്തോളമായി ചികിത്സയിലായിരുന്ന ഡോ. അനൂപിന്റെ അന്ത്യം ഇന്ന് പുലര്‍ച്ചെ മുംബൈ കാര്‍ഗോവിലെ കാന്‍സര്‍ സെന്ററിലായിരുന്നു.
സി.ബി.എസ്.ഇ പത്താംതരത്തില്‍ ഒന്നാം റാങ്ക് നേടുന്ന ആദ്യമലയാളിയായിരുന്നു അനൂപ്.
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് എം.ബി.ബി.എസ്. നേടിയ ഡോ. അനൂപ് ഡല്‍ഹിയിലെ ഓള് ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലാണ് റേഡിയോളജിയില്‍ ബിരുദം നേടിയത്. സീനിയര്‍ റസിഡന്റ് ഡോക്ടറായി പ്രവര്‍ത്തിച്ച ശേഷം ഡോ. അനൂപ് ഓള് ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ നിന്നിറങ്ങിയത് ബെസ്റ്റ് ഔട്ട്ഗോയിംഗ് സ്റ്റുഡന്റിനുള്ള ഗോള്‍ഡ് മെഡലും വാങ്ങിയാണ്. പഠന വഴികളില്‍ മികവിന്റെ ഔന്നിത്യം തൊട്ട ഈ മിടുമിടുക്കന്‍ കാസര്‍കോടിന്റെ മികവിന്റെ ചരിത്രത്തിന്റെ ഭാഗം കൂടിയാണ്. കോഴിക്കോട് ബേബി മെമ്മോറിയല്‍ ആസ്പത്രിയില്‍ സേവനം അനുഷ്ഠിക്കുന്നതിനിടയിലാണ് ഒന്നര വര്‍ഷം മുമ്പ് രക്താര്‍ബുദ ബാധിതനായത്. ലക്ഷങ്ങളില്‍ ഒരാള്‍ക്ക് മാത്രം സംഭവിക്കാവുന്ന അസുഖവുമായി ജീവിക്കുമ്പോഴും തന്റെ വേദന ആരെയും അറിയിക്കാതെ പുഞ്ചിരിക്കുന്ന മുഖവുമായി ജോലിയില്‍ വ്യാപൃതനാവുകയായിരുന്നു അദ്ദേഹം. ഡോ. അനൂപിന് അനുയോജ്യമായ രക്തത്തിന് വേണ്ടി വലിയ തോതിലുള്ള കാമ്പയിനാണ് സോഷ്യല്‍ മീഡിയയിലൂടെ നടന്നത്. അനൂപിന്റെ ജീവന് തിരിച്ചുകിട്ടാനായി എല്ലാവരും ഒരുപോലെ പ്രാര്‍ത്ഥനയില്‍ കഴിയുന്നതിനിടെ അസുഖം മൂര്‍ച്ഛിച്ച് മുംബൈയിലെ ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ഇന്ന് രാത്രി മൃതദേഹം കാസർകോട്ടെ വീട്ടിലെത്തിച്ച ശേഷം നുള്ളിപ്പാടി ചെന്നിക്കര പൊതു ശ്മാശാനത്തിൽ സംസ്കരിക്കും