മൈസൂരുവിൽ ജ്വല്ലറി ഉടമയെ കബളിപ്പിച്ച് സ്വർണം തട്ടി; കാസർകോട് സ്വദേശി അറസ്റ്റിൽ
ബംഗളൂരു: മൈസൂരുവിൽ ജ്വല്ലറി ഉടമയെ കബളിപ്പിച്ച് സ്വർണം തട്ടിയെടുത്ത കേസിൽ മലയാളി പിടിയിലായി. കാസർകോട് ആലമ്പാടി റോഡ് മുട്ടത്തൊടി വില്ലേജ് റഹ്മാനിയ നഗർ അലി ബറകത്ത് ഹൗസിൽ എസ്.എ. ഹമീദലിയെയാണ് മൈസൂരു ലഷ്കർ പൊലീസ് അറസ്റ്റ് ചെയ്തത്. ലഷ്കർ മൊഹല്ല കെ.ആർ ഹോസ്പിറ്റൽ റോഡിലെ ‘ശ്രീമാതാജി ജ്വല്ലറി’ ഉടമ ഇന്ദർ ചന്ദ് ആണ് കബളിപ്പിക്കപ്പെട്ടത്. പ്രതിയിൽനിന്ന് 45 ലക്ഷത്തിൻെറ സ്വർണവും ഇയാൾ സഞ്ചരിച്ചിരുന്ന കാറും പിടിച്ചെടുത്തു. ലഷ്കർ മൊഹല്ലയിലെ ഗരഡികേരിയിൽ കഴിഞ്ഞവർഷം ഒക്ടോബറിൽ ജ്വല്ലറി ആരംഭിച്ച ഹമീദലി ഇന്ദർ ചന്ദുമായി ചെറിയ ബിസിനസ് ഇടപാടുകൾ നടത്തി ഇയാളുടെ വിശ്വാസം നേടിയെടുക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. 2019 ഒക്ടോബർ 31ന് ഇന്ദർ ചന്ദിൽനിന്ന് ഒരു കിേലാ വരുന്ന സ്വർണക്കട്ടി കൈപ്പറ്റിയ ഹമീദലി കുറച്ചു തുകമാത്രം കൈമാറി. പിന്നീട് ബാക്കി തുക ആവശ്യപ്പെട്ടിട്ടും നൽകാതായതോടെ പരാതിക്കാരൻ പൊലീസിനെ സമീപിക്കുകയായിരുന്നു. കേസ് രജിസ്റ്റർ ചെയ്ത ലക്ഷ്കർ മൊഹല്ല പൊലീസ് കാസർകോെട്ട ലോഡ്ജിൽവെച്ചാണ് പ്രതിയെ പിടികൂടിയത്. സ്വർണക്കട്ടിയിൽനിന്ന് 500 ഗ്രാം ബംഗളൂരുവിൽ ഒരാൾക്കും ബാക്കി ചെറിയ കഷണങ്ങളാക്കി പലർക്കും വിറ്റതായി പ്രതി പൊലീസിനോട് വെളിപ്പെടുത്തി. പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് ബംഗളൂരുവിൽനിന്ന് അരക്കിലോ സ്വർണം വീണ്ടെടുത്തു. തട്ടിപ്പ് നടത്തിയ തുകകൊണ്ട് പ്രതി സ്വന്തമാക്കിയ ആഡംബര കാറും പിടിച്ചെടുത്തു.