സ്വപ്നയുമായി ദീർഘകാല ബന്ധമുണ്ടെന്ന് അനിൽ നമ്പ്യാർ;അനിലുമൊത്ത് മദ്യപിച്ചിട്ടുണ്ടെന്ന് സ്വപ്ന.
കുരുക്ക് മുറുകുന്നു
കൊച്ചി :നയതന്ത്ര ചാനലിലൂടെ സ്വർണം കടത്തിയ കേസിൽ ബിജെപി അനുകൂല ചാനലായ ജനം ടിവിയുടെ കോ––ഓർഡിനേറ്റിങ് എഡിറ്റർ അനിൽ നമ്പ്യാർക്ക് കുരുക്ക് മുറുകുന്നു. കേസിലെ രണ്ടാംപ്രതി സ്വപ്ന സുരേഷുമായി തനിക്ക് ദീർഘകാല ബന്ധമുണ്ടെന്നും സ്വർണം പിടികൂടിയശേഷം സ്വപ്നയുമായി പലവട്ടം ഫോണിൽ ബന്ധപ്പെട്ടിരുന്നെന്നും കസ്റ്റംസ് സംഘത്തിന്റെ ചോദ്യം ചെയ്യലിൽ അനിൽ നമ്പ്യാർ സമ്മതിച്ചു. ബാഗേജ് വിട്ടുകിട്ടാൻ യുഎഇ കോൺസലേറ്റ് അറ്റാഷെ ഉൾപ്പെടെയുള്ളവരുമായി ആശയവിനിമയം നടത്തിയതായും അനിൽ നമ്പ്യാർ സമ്മതിച്ചു.
ഇയാളിൽനിന്ന് കൂടുതൽ കാര്യങ്ങൾ ഇനിയും ചോദിച്ചറിയാനുണ്ടെന്നും അഞ്ചുമണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലിനുശേഷം കസ്റ്റംസ് അധികൃതർ പറഞ്ഞു.അനിലിന്റെ മൊഴികൾ പരസ്പരവിരുദ്ധവും അവ്യക്തവുമായിരുന്നെന്ന് കസ്റ്റംസ് അധികൃതർ പറഞ്ഞു. പല ചോദ്യങ്ങൾക്കും മറുപടിയുണ്ടായില്ല. ഇയാളെ വീണ്ടും ചോദ്യം ചെയ്യുമെന്നും കസ്റ്റംസ് അധികൃതർ വ്യക്തമാക്കി. സ്വപ്ന സുരേഷ് എഴുതി നൽകിയ മൊഴിയിൽ അനിൽ നമ്പ്യാരുമായി തനിക്കുള്ള ബന്ധം വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തിയത്. കൊച്ചിയിലെ കസ്റ്റംസ് കമീഷണറേറ്റിൽ നടന്ന ചോദ്യം ചെയ്യൽ നാലുമണിക്കൂറിലേറെ നീണ്ടു.
സ്വർണക്കടത്തു കേസിലെ ഒന്നാംപ്രതി പി എസ് സരിത് മുഖേന രണ്ടു വർഷംമുമ്പാണ് താൻ സ്വപ്നയെ പരിചയപ്പെട്ടതെന്ന് അനിൽ നമ്പ്യാർ പറഞ്ഞു. ഇക്കാര്യം സ്വപ്നയുടെ മൊഴിയിലുമുണ്ട്. ടിവിയിൽ വാർത്ത കണ്ടാണ് സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്നയെ വിളിച്ചത്. എന്നാൽ, സ്വപ്നയുടെ മൊഴിയിൽ പറയുന്ന മറ്റ് പല പ്രധാന കാര്യങ്ങളെക്കുറിച്ചും ചോദ്യം ചെയ്യലിൽ ഉടനീളം അനിൽ മൗനംപാലിച്ചതായാണ് വിവരം.
സ്വപ്ന എഴുതി നൽകിയ മൊഴിയിൽ രണ്ടുപേജുകളിൽ അനിൽ നമ്പ്യാരുമായി തനിക്കുള്ള അടുപ്പം വ്യക്തമാക്കിയിരുന്നു. സ്വർണക്കടത്തിന്റെ മുഴുവൻ ഉത്തരവാദിത്തവും ഏറ്റെടുക്കാൻ സരിത്തിനോട് ആവശ്യപ്പെടണമെന്ന് അനിൽ നിർദേശിച്ചതായി സ്വപ്ന മൊഴി നൽകിയിരുന്നു. പിടിച്ചെടുത്തത് നയതന്ത്ര പാഴ്സലല്ല, വ്യക്തിപരമായ ബാഗേജാണെന്ന് യുഎഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥനെക്കൊണ്ട് സ്റ്റേറ്റ്മെന്റ് നൽകിക്കണമെന്ന് അനിൽ ഉപദേശിച്ചതായും സ്വപ്നയുടെ മൊഴിയിലുണ്ട്.
ദുബായിൽ വഞ്ചനാക്കേസിൽ പ്രതിയായിരുന്ന അനിൽ നമ്പ്യാർക്ക് അവിടെയുള്ള യാത്രാവിലക്ക് നീക്കാനാണ് സ്വപ്നയുടെ സഹായം ആദ്യം തേടിയത്. യുഎഇ കോൺസുലേറ്റ് ഇടപെട്ട് വിലക്ക് നീക്കിക്കൊടുത്തു. പിന്നീടൊരിക്കൽ തിരുവനന്തപുരത്തെ ഹോട്ടലിൽ ക്ഷണിച്ചുവരുത്തി ഒന്നിച്ച് മദ്യപിച്ചതായും സ്വപ്ന മൊഴിയിൽ പറഞ്ഞു. ബിജെപിയെ സഹായിക്കാൻ കോൺസുലേറ്റിനോട് അഭ്യർഥിക്കണമെന്ന് അനിൽ ആവശ്യപ്പെട്ടതായും സ്വപ്നയുടെ മൊഴിയിലുണ്ട്.