സംസ്ഥാനത്ത് 2406 പേർക്ക് കോവിഡ്; ,മരണം 10 , രോഗമുക്തി 2067 ,കാസർകോട് 231
തിരുവനന്തപുരം :സംസ്ഥാനത്ത് ഇന്ന് 2406 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് കോവിഡ് അവലോകന യോഗത്തിനു ശേഷം പത്രസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. 10 മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
അതിനിർണായക ഘട്ടത്തിലൂടെ സംസ്ഥാനം കടന്നുപോകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിലവിലെ സ്ഥിതി അപ്രതീക്ഷിതമല്ല. ലോകത്തിൽ ആദ്യം കോവിഡ് റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിലൊന്നാണ് കേരളമെന്ന് മുഖ്യമന്ത്രിയുടെ ഓർമ്മപ്പെടുത്തൽ. അത് കണക്കിലെടുത്താൽ മറ്റിടങ്ങളെ അപേക്ഷിച്ച് രോഗത്തെ ഉച്ഛസ്ഥായിലെത്താതെ പിടിച്ചുനിർത്താനായി. രാജ്യം ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ് റിപ്പോർട്ട് ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. 75,995 കേസുകളാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്. 47,828 കേസുകളുമായി ബ്രസീൽ രണ്ടാമതാണ്. നമ്മുടെ രാജ്യത്തിലെ സ്ഥിതി ഗുരുതരം. മരണം ഒരു ദിവസം ആയിരത്തിൽ കൂടുതലാണ്. ഇന്നലെ 1017 പേരാണ് രാജ്യത്ത് മരിച്ചത്. ദക്ഷിണേന്ത്യയിലും രോഗവ്യാപനം രൂക്ഷമാണ്. കർണാടകയിൽ മൂന്ന് ലക്ഷം കേസുകളായി. 5107 പേർ മരിച്ചു. തമിഴ്നാട്ടിൽ നാല് ലക്ഷം കേസായി. ഏഴായിരം പേർ മരിച്ചു.
കർണാടകത്തിൽ പത്ത് ലക്ഷത്തിൽ 82 പേരും തമിഴ്നാട്ടിൽ പത്ത് ലക്ഷത്തിൽ 93 പേരും മരിക്കുന്നു. കേരളത്തിലിത് എട്ട് പേരാണ്. കർണാടകയിലെയോ തമിഴ്നാട്ടിലെയും സ്ഥിതിയായിരുന്നുവെങ്കിൽ ആയിരക്കണക്കിന് മരണം സംസ്ഥാനത്തുണ്ടായേനെയെന്ന് മുഖ്യമന്തി.
അയൽ സംസ്ഥാനങ്ങളേക്കാൾ കൂടിയ ജനസാന്ദ്രതയും വയോജനങ്ങളുടെ എണ്ണവും പ്രമേഹവും ഹൃദ്രോഗവും എല്ലാം കേരളത്തിലുണ്ട്. രോഗവ്യാപനവും മരണനിരക്കും പിടിച്ചുനിർത്താനായത് കേരളത്തിലെ ജനങ്ങളുടെ സഹകരണം കൊണ്ടാണ്. സർക്കാർ സംവിധാനങ്ങളുടെ മികച്ച പ്രവർത്തനവും മുഖ്യ പങ്ക് വഹിച്ചു.
ആരോഗ്യ സംവിധാനങ്ങളുടെ ശാക്തീകരണവും ജനപങ്കാളിത്തത്തോടെ ബ്രേക് ദി ചെയിൻ ഫലപ്രദമാക്കലും പരിഗണിക്കുന്നു. രോഗവ്യാപനം ഫലപ്രദമായി നിയന്ത്രിച്ചു. ആരോഗ്യമേഖലയെ ശക്തിപ്പെടുത്താൻ അവസരം ലഭിച്ചു. എഫ്എൽടിസി, ലാബുകൾ, കൊവിഡ് ആശുപത്രികൾ, പരിശോധനാ സൗകര്യം, ആരോഗ്യപ്രവർത്തകർ, കോവിഡ് ബ്രിഗേഡ് എന്നിങ്ങനെ രോഗം തടയാൻ വേണ്ട സൗകര്യം കൃത്യമായി സജ്ജമാക്കി. എട്ട് മടങ്ങ് രോഗികൾ വർധിച്ചാൽ വരെ ചികിത്സ നൽകാൻ കേരളത്തിനാവും.
കാസര്‍കോട് ജില്ലയില്‍ 231 പേര്‍ക്ക് കൂടി കോവിഡ്
ജില്ലയില്‍ 231 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. 219 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും ആറ് പേര് ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും ആറ് പേര് വിദേശത്ത് നിന്നെത്തിയവരുമാണ്. 85 പേര്‍ക്ക് കോവിഡ് നെഗറ്റീവായതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു.
ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 5532 പേര്
വീടുകളില്‍ 4497 പേരും സ്ഥാപനങ്ങളില്‍ 1035 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 5532 പേരാണ്. പുതിയതായി 488 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1504 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 969 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 386 പേര് നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 118 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 58പേരെ ഡിസ്ചാര്‍ജ് ചെയ്തു.
4525 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 527 പേര് വിദേശത്ത് നിന്നെത്തിയവരും 380 പേര് ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 3618 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയിമാണ് രോഗം സ്ഥിരീകരിച്ചത്. 3208 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 34 ആയി.
ജില്ലയില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത് ഇന്ന്
കോവിഡ് രോഗവ്യാപനത്തിന്റെ മൂന്ന് ഘട്ടങ്ങളിലായി ജില്ലയില്‍ ഏറ്റവും അധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത് ഇന്നാണ്(223). ആദ്യമായിട്ടാണ് ജില്ലയില്‍ പ്രതിദിനം രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം 200 മുകളില്‍ കടക്കുന്നത്. ഇതിന് മുമ്പ് ഓഗസ്റ്റ് 19 ന് 174 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതാണ്,പ്രതിദിനത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്ക്.ജൂലൈ 22 മുതല്‍ ഇതുവരെയായി 17 തവണയാണ് നൂറിന് മുകളില്‍ പോസറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.