അനിൽ നമ്പ്യാരെ തള്ളി കെ സുരേന്ദ്രൻ
ജനം ടി വി ബിജെപി ചാനലല്ല
ജനം ടിവി ബി.ജെ.പി ചാനലല്ലെന്ന് സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. സ്വർണ കള്ളക്കടത്ത് കേസിൽ ജനം ടിവി എക്സിക്യൂട്ടീവ് എഡിറ്റർ അനിൽ നമ്പ്യാരെ കസ്റ്റംസ് ചോദ്യം ചെയ്തതിനെ കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനാണ് സുരേന്ദ്രന്റെ മറുപടി.
ബി.ജെ.പിക്ക് അങ്ങനെ ഒരു ചാനലില്ല. ഈ നാട്ടിലെ ദേശന്വേഷികളായിട്ട് ഉള്ള കുറേ പേർ നടത്തുന്ന ചാനൽ ആണിത്. ബി.ജെപിക്കാരായിട്ടുള്ള ആരും അതിലില്ലെന്നും സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കൈരളി ചാനലിൽ ജോലി ചെയ്യുന്നവരെല്ലാം സി.പി.ഐ.എം കാരാണോ എന്നും സുരേന്ദ്രൻ ചോദിച്ചു. അനിൽ നമ്പ്യാരെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിനെ കുറിച്ച് ചോദിച്ചപ്പോൾ ഇങ്ങനെ ഓരു സംഭവം നടന്നത് അറിഞ്ഞിട്ടില്ലെന്നും ഇതിനെ ബിജെപിയുമായി കൂട്ടുകുഴയ്ക്കരുതെന്നുമാണ് സുരേന്ദ്രൻ മറുപടി നൽകിയത്.
ജൂലൈ അഞ്ചിന് ഡിപ്ലോമാറ്റിക് ബാഗ് തുറന്ന് സ്വർണം കണ്ടെടുത്ത ദിവസം സ്വപ്നയും അനിൽ നമ്പ്യാരുമായി രണ്ടു തവണ ഫോണിൽ സംസാരിച്ചതായി കസ്റ്റംസ് കണ്ടെത്തിയിരുന്നു. ഈ ഫോൺ വിളി സംബന്ധിച്ച് സ്വപ്ന കസ്റ്റംസിന് മൊഴിയും നൽകിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് കസ്റ്റംസ് അനിൽ നമ്പ്യാരെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചത്.