ആളുകള്‍ കൂട്ടംകൂടി ഉദ്ഘാടനംചെയ്ത് അരമണിക്കൂറിനകം കാഞ്ഞങ്ങാട്ടെ ഓണച്ചന്ത പോലീസ് പൂട്ടിച്ചു
കാഞ്ഞങ്ങാട്: കൃഷിവകുപ്പിന്റെ ഓണച്ചന്ത ആളുകള്‍ കൂട്ടംകൂടി നിന്നതിനെ തുടര്‍ന്ന് പോലീസ് പൂട്ടിച്ചു. കാഞ്ഞങ്ങാട് മന്‍സൂര്‍ ആസ്പത്രിക്കടുത്ത് അജാനൂര്‍ കൃഷിഭവനാണ് പച്ചക്കറി ഓണച്ചന്ത തുറന്നത്. ഓണച്ചന്തയുടെ ജില്ലാതല ഉദ്ഘാടനത്തിന് തിരഞ്ഞെടുത്തതും ഈ ഔട്ട്ലറ്റായിരുന്നു. റവന്യുമന്ത്രി ഇ.ചന്ദ്രശേഖരനാണ് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തത്.
സാമൂഹിക അകലം പാലിക്കുന്നുണ്ടോയെന്ന പതിവുപരിശോധനയുടെ ഭാഗമായി പോലീസ് മന്‍സൂര്‍ ജങ്ഷനിലുണ്ടായിരുന്നു. ഇതിനിടെ ജില്ലാ പോലീസ് മേധാവി ഡി.ശില്പയും മറ്റു പോലീസുദ്യോഗസ്ഥരും ഇവിടെയെത്തി. പച്ചക്കറി ഔട്ട്ലറ്റില് ആളുകള്‍ കൂടിനില്‍ക്കുന്നത് പോലീസ് മേധാവിയുടെ ശ്രദ്ധയില്‍പ്പെട്ടു. അപ്പോള്‍ത്തന്നെ പൂട്ടിച്ചു. അടുത്തദിവസം മുതല്‍ ഔട്ട്ലറ്റിന്റെ മുന്‍ഭാഗത്ത് കയര്‍കെട്ടിയും സാമൂഹിക അകലം ഉറപ്പുവരുത്തിയും തുറന്നുകൊള്ളാനും ജില്ലാ പോലീസ് മേധാവി നിര്‍ദേശം നല്കി.
അതേസമയം ആളുകള്‍ കൂട്ടംകൂടി നിന്നിട്ടില്ലെന്നും റോഡരികിലുണ്ടായിരുന്ന ആളുകളെ കണ്ട് തെറ്റിദ്ധരിച്ചാണ് പോലീസ് മേധാവി ഔട്ട്ലറ്റ് പൂട്ടാന്‍ പറഞ്ഞതെന്നും അജാനൂര്‍ കൃഷി ഓഫീസര്‍ സി.വി.ആര്‍ജിത പറഞ്ഞു. സര്‍ക്കാര്‍ സംരംഭമാണിതെന്നും ഇപ്പോള്‍ റവന്യു മന്ത്രി ഉദ്ഘാടനം ചെയ്തതേയുള്ളൂവെന്നും പറഞ്ഞെങ്കിലും അതൊന്നും ചെവിക്കൊള്ളാന്‍ പോലീസ് തയ്യാറായില്ലെന്നും കൃഷി ഓഫീസര്‍ പറഞ്ഞു. ആളുകള്‍ കൂടിയതുകൊണ്ടുമാത്രമാണ് പൂട്ടിച്ചതെന്ന് ജില്ലാ പോലീസ് മേധാവി ഡി.ശില്പ പറഞ്ഞു.