വിശുദ്ധഗ്രന്ഥത്തിനെതിരെ കള്ളപ്രചരണം നടത്തി; കെ എം ഷാജിയുടെ പ്രസംഗം സഭാരേഖകളില്‍ നിന്ന് നീക്കണം സ്പീക്കര്‍ക്ക് ഐഎന്‍എല്ലിന്റെ കത്ത്
കോഴിക്കോട്: നിയമസഭയില്‍ വിശുദ്ധഗ്രന്ഥത്തിനെതിരെ മുസ്ലിം ലീഗ് എംഎല്‍എ കെ എം ഷാജി നടത്തിയ പ്രചരണം മതവികാരം വ്രണപ്പെടുത്തുന്നതാണെന്ന് കാട്ടി സ്പീക്കര്‍ക്ക് ഐഎന്‍എല്ലിന്റെ കത്ത്. കെ എം ഷാജിയുടെ ആരോപണം ഒരു മതവിഭാഗത്തിന്റെ മുഴുവന്‍ വികാരവും വ്രണപ്പെടുത്തുന്നതാണെന്നും അതുകൊണ്ട് അത്തരം പരാമര്‍ശങ്ങള്‍ സഭാരേഖകളില്‍ നിന്ന് നീക്കം ചെയ്യണമെന്നും ഐഎന്‍എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് എഴുതിയ കത്തില്‍ ആവശ്യപ്പെട്ടു.
വിശുദ്ധ ഖുര്‍ആനെ മറയാക്കി മന്ത്രി കെ.ടി ജലീല്‍ സ്വര്‍ണം കടത്തുകയായിരുന്നുവെന്ന ഷാജിയുടെ ആരോപണം വസ്തുതയ്ക്ക് നിരക്കാത്തതാണ്. യു.എ.ഇ കോണ്‍സുലേറ്റ് ആവശ്യപ്പെട്ട പ്രകാരം 1000 റമദാന് കിറ്റുകളും 32 പാക്കറ്റ് ഖുര്‍ആന്‍ കോപ്പികളും വിതരണം ചെയ്യുന്നതിനായി ഏറ്റുവാങ്ങിയതിനെ വിശുദ്ധ ഗ്രന്ഥത്തിന്റെ മറവില്‍ കള്ളക്കടത്ത് നടത്തിയതായി ആരോപിക്കുന്നത് രാഷ്ട്രീയലാഭം മുന്നില്‍കണ്ടാണ്. കള്ളക്കടത്തുവഴി ഖുര്‍ആന്‍ പഠിപ്പിക്കാമെന്ന് കണ്ടുപിടിച്ച ആദ്യമന്ത്രിയാണ് ജലീല്‍ എന്നാണ് ഷാജി അവിശ്വാസപ്രമേയത്തില്‍ പങ്കെടുത്ത് പറഞ്ഞത്. ഇത് അങ്ങേയറ്റം ആക്ഷേപകരമായ പരമര്‍ശമാണ്. മന്ത്രി ആത്മീയ കള്ളക്കടത്തിന്റെ തിരക്കിലാണെന്നും ലീഗ് നേതാവ് ആരോപിക്കുകയുണ്ടായി. മന്ത്രി ജലീല്‍ വിശുദ്ധ ഗ്രന്ഥത്തെ വിവാദത്തിലേക്ക് വലിച്ചിഴച്ചത് ശരിയായില്ല എന്ന മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ പ്രസ്താവന വസ്തുതകള്‍ മനസ്സിലാക്കാതെയാണ്. ഖുര്‍ആനെ വിവാദത്തിലേക്ക് വലിച്ചിഴച്ചത് കെ എം ഷാജി എംഎല്‍എയാണ്. അദ്ദേഹത്തിന് എതിരെ അച്ചടക്ക നടപടി സ്വീകരിക്കാന്‍ ഹൈദരലി തങ്ങള്‍ക്ക് ആര്ജവമുണ്ടോയെന്നാണ് കേരളീയ ജനത ഉറ്റുനോക്കുന്നത്. കത്തില്‍ പറഞ്ഞു.
വി ഡി സതീശനും പി സി ജോര്‍ജും ഇത്തരത്തില്‍ ആരോപണം ഉന്നയിച്ചു. എവിടുന്ന് കിട്ടിയ വസ്തുതകളുടെ അടിസ്ഥാനത്തിലാണ് ഇത്തരം ആരോപണമെന്ന് അതുന്നയിക്കുന്നവര്‍ വ്യക്തമാക്കണം. മന്ത്രി ജലിലിനോടുള്ള രാഷ്ട്രീയ പക പോക്കലിന് ഒരു വിശുദ്ധഗ്രന്ഥത്തെ മറയാക്കുന്നതും അതിന്റെ പേരില്‍ ഒരു ജനവിഭാഗത്തെ മുഴുവന്‍ അപമതിക്കുന്ന തരത്തിലുള്ള അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതും കേരളത്തിന്റെ സാമുദായിക സൗഹൃദം തകര്‍ക്കാന്‍ കാരണമാകുന്നതാണ്. കേരളം ജിഹാദികളുടെ കേന്ദ്രമാണെന്നും ഭീകരവാദത്തിന്റെ താവളമാണെന്നും സംഘ്പരിവാര്‍ ഒരുഭാഗത്ത് വ്യാജമായി പ്രചരിപ്പിക്കുമ്പോള്‍ അതിന് ആക്കം കൂട്ടാനേ ഇത്തരം ജല്പനങ്ങള് ഉപകരിക്കുകയുള്ളൂ. കാസിം ഇരിക്കൂര്‍ പറഞ്ഞു.