നീറ്റ് ജെഇഇ: പ്രതിഷേധം കനക്കുന്നു പരീക്ഷകള്‍ മാറ്റരുതെന്ന് വിദഗ്ധര്‍
ന്യൂഡല്‍ഹി: കൊവിഡ് വ്യാപിക്കുന്നതിനിടെ സെപ്റ്റംബറില്‍ നീറ്റ്, ജെഇഇ (മെയിന്‍സ്) പ്രവേശന പരീക്ഷകള്‍ നടത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരായ പ്രതിഷേധം ശക്തമാകുന്നു. പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളും ഒരു വിഭാഗം വിദ്യാര്‍ഥികളും ഇപ്പോള്‍ പ്രവേശന പരീക്ഷ നടത്തുന്നതില്‍ എതിര്‍പ്പുമായി രംഗത്തുണ്ട്.
ഏഴ് ബിജെപി ഇതര മുഖ്യമന്ത്രിമാര്‍ ഇന്നലെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വിളിച്ചുചേര്‍ത്ത വിര്‍ച്വല്‍ യോഗത്തില്‍ പരീക്ഷകള്‍ക്കെതിരേ ഒന്നിച്ചു നില്ക്കാന് തീരുമാനിച്ചിട്ടുണ്ട്. ഏഴു മുഖ്യമന്ത്രിമാരും ഒന്നിച്ച് സുപ്രീം കോടതിയെ സമീപിക്കാനാണു തീരുമാനം. ഡിഎംകെയും എഎപിയും ഇവര്‍ക്കു പിന്തുണയും പ്രഖ്യാപിച്ചു. ഇതിനു പിന്നാലെ തമിഴ്നാട് സര്‍ക്കാരും നീറ്റിനെതിരേ രംഗത്തുവന്നിട്ടുണ്ട്.
അതേസമയം, ഇനിയും പ്രവേശന പരീക്ഷകള്‍ മാറ്റിയാല്‍ ലക്ഷക്കണക്കിനു വിദ്യാര്‍ഥികളുടെ ഈ വര്‍ഷത്തെ പഠനം അവതാളത്തിലാവുമെന്ന് വിദഗ്ധര്‍ കേന്ദ്ര സര്‍ക്കാരിനു മുന്നറിയിപ്പു നല്കി. രാജ്യത്തിനകത്തും പുറത്തുമുള്ള നൂറ്റമ്പതോളം വിദ്യാഭ്യാസ വിദഗ്ധരാണ് മെഡിക്കല്‍, എന്‍ജീനീയറിങ് പ്രവേശന പരീക്ഷകള്‍ മാറ്റിവയ്ക്കരുതെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയിരിക്കുന്നത്.
വിദ്യാര്‍ഥികളുടെ ഭാവിവച്ച് ചിലര്‍ രാഷ്ട്രീയം കളിക്കുകയാണെന്നാണ് ഇവര്‍ ആരോപിക്കുന്നത്. അക്കാഡമിക് വര്‍ഷം നഷ്ടപ്പെടുന്നതിലുള്ള ആശങ്കയാണ് വിദ്യാര്‍ഥികളില്‍ പൊതുവേയുള്ളത്. അവരുടെ സമ്മര്‍ദം ഏറുകയാണ്. മതിയായ മുന്‍കരുതലുകളെടുത്ത് പ്രവേശന പരീക്ഷകള്‍ ഇനിയെങ്കിലും നടത്തണം- വിദഗ്ധര്‍ നിര്‍ദേശിക്കുന്നു.
ഡല്‍ഹി, ഇഗ്നോ, ലക്നൗ, ജെഎന്‍യു, ബിഎച്ച് യു സര്‍വകലാശാലകളിലെയും ഐഐടി ഡല്‍ഹിയിലെയും വിദ്യാഭ്യാസ വിദഗ്ധര്‍ ഈ കത്തില്‍ ഒപ്പുവച്ചവരിലുണ്ട്. ലണ്ടന്‍,
കാലിഫോര്‍ണിയ, ഹീബ്രൂ സര്‍വകലാശാലകളില്‍ നിന്നുള്ള വിദഗ്ധരുമുണ്ട്. ഇനിയും പരീക്ഷ മാറ്റിയാല്‍ ഈ വര്‍ഷത്തെ പഠനത്തെ ഗുരുതരമായി ബാധിക്കുമെന്നു തന്നെയാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാടും.