കോവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം സംഭവത്തിന് പിന്നില്‍ സ്വര്‍ണ കടത്ത് സംഘം
കണ്ണൂര്‍:കോവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം .ഗള്‍ഫില്‍ നിന്ന് എത്തിയ പേരാമ്പ്ര സ്വദേശി ദിന്‍ഷാദിനെയാണ് കൂത്തുപറമ്പിലെ സ്വകാര്യ ലോഡ്ജില്‍ നിന്ന് ഒരു സംഘം തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്.വിദേശത്ത് നിന്ന് കൊടുത്തയച്ച സ്വര്‍ണം യുവാവ് മറിച്ച് വിറ്റതായാണ് അറസ്റ്റിലായവരുടെ മൊഴി. സംഘത്തിലുള്ള മറ്റുള്ളവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസ് അറിയിച്ചു. മൂന്ന് വാഹനങ്ങളിലായി മലപ്പുറത്ത് നിന്നാണ് സംഘമെത്തിയത്. തട്ടിക്കൊണ്ടുപോകാനുള്ള നീക്കം ദിന്‍ഷാദിനൊപ്പമുള്ള മറ്റൊരു സംഘം തടയുകയും ചെയ്തു.
ഇരുഭാഗങ്ങളിലും പെട്ട ആറ് പേരെയും, തട്ടിക്കൊണ്ടുപോകാനെത്തിയവര്‍ സഞ്ചരിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തു. ആറ് പേര് ഓടി രക്ഷപെട്ടു. മലപ്പുറത്ത് നിന്നുളള സംഘത്തെ ചോദ്യം ചെയ്തപ്പോഴാണ് സ്വര്‍ണക്കടത്ത് മാഫിയയുടെ പങ്കിനെ കുറിച്ച് സൂചന ലഭിച്ചത്. ദുബായില്‍ നിന്ന് മലപ്പുറത്തെ ഒരാള്‍ക്ക് നല്‍കാനായി കൊടുത്തുവിട്ട 38 ലക്ഷം രൂപയുടെ സ്വര്‍ണം ദിന്‍ഷാദ് മറിച്ച് വിറ്റതായും ഇതിനെ തുടര്‍ന്നാണ് ഇയാളെ തട്ടിക്കൊണ്ട് പോകാന്‍ ക്വട്ടേഷന്‍ ലഭിച്ചതെന്നുമായിരുന്നു ഇവരുടെ മൊഴി. ഇതിന് പിന്നിലുള്ള സംഘത്തെ കുറിച്ച് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. എന്നാല്‍ സ്വര്‍ണമൊന്നും ഇതുവരെ കണ്ടെത്താനായിട്ടില്ല. അറസ്റ്റിലായവരെ കൂടുതല്‍ ചോദ്യം ചെയ്യാനാണ് പോലീസ് തീരുമാനം.