കോഴിക്കോട് ഓണക്കിറ്റിലെ ശർക്കരയിൽ നിരോധിത പുകയില ഉൽപന്നം
കോഴിക്കോട്: റേഷൻ കട വഴി ലഭിച്ച ഓണക്കിറ്റിലെ ശർക്കരയിൽ നിരോധിത പുകയില ഉല്‍പ്പന്നത്തിന്റെ പാക്കറ്റും. കോഴിക്കോട് നടുവണ്ണൂരിലാണ് സംഭവം. കിറ്റ് വിതരണം ചെയ്ത കരിമ്പാപൊയിൽ റേഷൻ കടയിലെ മുഴുവൻ സ്റ്റോക്കും തിരിച്ചെടുത്തതായി സപ്ലൈകോ കൊയിലാണ്ടി ഡിപ്പോ മാനേജർ അറിയിച്ചു.
നടുവണ്ണൂര്‍ സൗത്തിലെ റേഷന്‍ കടയില്‍ വിതരണം ചെയ്ത ഓണക്കിറ്റിലെ ശര്‍ക്കരയിലാണ് പുകയില ഉല്‍പ്പന്നത്തിന്റെ പാക്കറ്റ് കണ്ടെത്തിയത്. ശര്‍ക്കരയില്‍ അലിഞ്ഞ് ചേര്‍ന്ന നിലയില്‍ പാക്കറ്റ് ലഭിച്ചത്. ഇതേ തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തി. ഉള്ളിയേരി മാവേലി സ്റ്റോറില്‍ നിന്നുമാണ് നടുവണ്ണൂരിലെ റേഷന്‍ കടയിലേക്ക് കിറ്റെത്തിച്ചത്. ബാക്കിയുള്ള കിറ്റുകള്‍ പിന്‍വലിച്ച് പകരം കിറ്റുകള്‍ എത്തിക്കുമെന്ന് സപ്ലൈകോ അധികൃതര്‍ അറിയിച്ചു.