സെൻട്രലൈസ്ഡ് എസി ഉള്ളപ്പോൾ എന്തിനാണ് ഫാൻ; തീ പിടുത്തം അട്ടിമറി ശ്രമം, നിർണായക ഫയലുകൾ കത്തി: ചെന്നിത്തല
തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ ഇന്നലെയുണ്ടായ തീ പിടുത്തം അട്ടിമറി ശ്രമത്തിന്റെ ഭാഗമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. സെൻട്രലൈസ്ഡ് എസി ഉള്ള മുറിയിൽ എന്തിനാണ് ഫാൻ. പഴയ ഫാൻ കൊണ്ടുവന്ന് കെട്ടിത്തൂക്കി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണ്. മുഖ്യമന്ത്രിയെയും ചീഫ് സെക്രട്ടറിയെയും ഗവർണർ വിളിച്ചു വരുത്തണമെന്നും ചെന്നിത്തല പറഞ്ഞു.
എം ശിവശങ്കറിനെയും സ്വപ്ന സുരേഷിനെയും സ്വർണ്ണക്കടത്തു കേസിൽ നിന്ന് രക്ഷിക്കാനുള്ള സർക്കാരിന്റെ തന്ത്രങ്ങളുടെ ഭാഗമാണ് ഇന്നലെയുണ്ടായ തീ പിടുത്തം. നിർണ്ണായകവും രഹസ്യ സ്വഭാവമുള്ളതുമായ ഫയലുകൾ നശിച്ചിട്ടുണ്ട്. വിശദ വിവരങ്ങൾ പിന്നീട് പറയാം. ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത ഇപ്പോൾ അവിശ്വാസ് മേത്ത എന്നാണ് ജനങ്ങൾക്കിടയിൽ അറിയപ്പെടുന്നത്. മുഖ്യമന്ത്രി ഉപജാപക സംഘത്തിന്റെ പിടിയിലായി. ഭരണം നടത്തുന്നത് അധോലോക സംഘമാണ്.
ക്ലിഫ് ഹൗസിലും ഇടിവെട്ടേറ്റെന്ന മുഖ്യമന്ത്രിയുടെ ബഡായി ബംഗ്ലാവിലെ പ്രസ്താവന മുൻകൂർ ജാമ്യം എടുക്കലാണ്. ഇതു പോലൊരു നാറിയ ഭരണം കേരള ചരിത്രത്തിൽ ഉണ്ടായിട്ടില്ല. ദൈവത്തിന്റെ സ്വന്തം നാടിനെ പിണറായി വിജയൻ പിശാചിന്റെ സ്വന്തം നാടാക്കി മാറ്റി. മുഖ്യമന്ത്രി രാജിവയ്ക്കും വരെ യുഡിഎഫ് സമരം തുടരുമെന്നും ചെന്നിത്തല പറഞ്ഞു.
സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോൾ ഓഫീസിൽ ഫാനിൽ നിന്ന് ഷോർട്ട് സർക്യൂട്ട് ഉണ്ടായി തീ പടർന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കാരണം വ്യക്തമാകണമെങ്കിൽ ഫൊറൻസിക് ഫലം കൂടി ലഭിക്കണമെന്നാണ് അന്വേഷണ സംഘം പറയുന്നത്.