ഉത്തർപ്രദേശിൽ പതിനേഴുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; പത്ത് ദിവസത്തിനിടെ രണ്ടാമത്തെ സംഭവം
ലഖ്നൗ: ഉത്തർപ്രദേശിൽ വീണ്ടും പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ക്രൂരമായ ബലാത്സംഗം. ലഖിംപുർ ഖേരി ജില്ലയിലെ ഗ്രാമത്തിലാണ് പതിനേഴ് വയസുകാരിയായ പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. ഇന്നലെ രാത്രിയോടെ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി. കഴുത്തിൽ മൂർച്ചയേറിയ ആയുധം കൊണ്ടുണ്ടാക്കിയ മുറിവാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ബലാത്സംഗം നടന്നതായി കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ തിങ്കളാഴ്ച വീടിന് തൊട്ടടുത്തുള്ള ടൗണിലേക്ക് സ്കോളർഷിപ്പിനായുള്ള അപേക്ഷ പൂരിപ്പിച്ച് നൽകാനായി പോയ പെൺകുട്ടി പിന്നീട് തിരികെ വന്നില്ല. രാവിലെ എട്ടരയ്ക്കാണ് പെൺകുട്ടി വീട്ടിൽ നിന്ന് പുറത്തേക്ക് പോയത്. സംഭവത്തിന് ഉത്തരവാദികളായവരെ ഉടൻ കണ്ടെത്തുമെന്ന് പൊലീസ് അറിയിച്ചു.ഇതേ ജില്ലയിൽ കഴിഞ്ഞ പത്ത് ദിവസത്തിനിടെ സമാനമായ രീതിയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന രണ്ടാമത്തെ സംഭവമാണിത്. സ്വാതന്ത്ര്യദിനത്തിലാണ് 13 വയസുള്ള പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ബലാത്സംഗത്തിന് ശേഷം പെൺകുട്ടിയെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.