കാസര്‍കോട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ് ; പ്രതികള്‍ക്കെതിരെ പോക്സോ ചുമത്തി പോലീസ്
കാസര്‍കോട്: കാസര്‍കോട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ രണ്ടു പേര്‍ക്കെതിരെ പോക്സോ കേസ് ചുമത്തി. പതിനഞ്ച് വയസ്സുള്ള പെണ്‍കുട്ടിയെ വ്യത്യസ്ഥ സമയങ്ങളില്‍ രണ്ടിടങ്ങളില്‍ വെച്ച് പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടി മൊഴി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് മധുര് സ്വദേശി വിനീത്, കാസര്‍കോട് സ്വദേശി ശ്രീജിത്ത് എന്നിവര്‍ക്കെതിരെ പോലീസ് പോക്സോ ചുമത്തിയത്. കാസര്‍കോട് ടൗണ്‍ പോലീസാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയെന്ന് പോലീസ് അറിയിച്ചു.
2019 സെപ്റ്റംബറിലും 2020 ഫെബ്രുവരിയിലുമാണ് പീഡനം നടന്നത്. വീടിന് സമീപം മേല്‍ക്കൂര നിര്‍മാണത്തിന് വന്ന യുവാവും അയല്‍ക്കാരനുമാണ് പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയതെന്നാണ് പോലീസ് നല്കുന്ന പ്രാഥമിക വിവരം.
കഴിഞ്ഞദിവസം നീലേശ്വരത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ പിതാവും മാതാവും ഉള്‍പ്പെടെ പത്തുപേര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ഇതില്‍ പിതാവും അയല്‍വാസികളും ഉള്‍പ്പെടെ 7 പേര് അറസ്റ്റിലാണ്. കുട്ടിയെ ഗര്‍ഭചിദ്രം നടത്തിയ രണ്ട് ഡോക്ടര്‍മാര്‍ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. ഇവരെ പിടികൂടാനായിട്ടില്ല.