വിശ്വാസത്തിൽ ഇളക്കം തട്ടിയാൽ അതൊരു പ്രശ്നമാകും; പ്രശാന്ത് ഭൂഷൺ കേസ് മറ്റൊരു ബെഞ്ചിന് വിടണമെന്ന് ജസ്റ്റിസ് അരുൺമിശ്ര
ന്യൂഡൽഹി: പ്രശാന്ത് ഭൂഷന്റെ കോടതി അലക്ഷ്യ കേസ് വിധി പറയാൻ മറ്റൊരു ബെഞ്ചിന് വിടണമെന്ന് ചീഫ് ജസ്റ്റിസിനോട് അഭ്യർത്ഥിച്ച് ജസ്റ്റിസ് അരുൺ മിശ്ര. മറ്റൊരു ബെഞ്ചിന്റെ പരിഗണനയ്ക്കായി സെപ്തംബർ പത്തിലേക്ക് കേസ് മാറ്റിവച്ചു.തനിക്ക് സമയമില്ലെന്നും താൻ കേസിൽ നിന്നും ഒഴിയുകയാണെന്നും കേസ് പരിഗണിച്ച ഉടൻ ജസ്റ്റിസ് അരുൺമിശ്ര വ്യക്തമാക്കി. നാലഞ്ച് മണിക്കൂർ സമയമെങ്കിലും ഈ കേസിന്റെ വാദം കേൾക്കാൻ ആവശ്യമുണ്ട്. ശിക്ഷയെന്തെന്നതല്ല ഇവിടെ വിഷയം. ഇത് ഈ സ്ഥാപനത്തിനോടുള്ള വിശ്വാസവുമായി ബന്ധപ്പെട്ടതാണ്. ആശ്വാസത്തിനുവേണ്ടിയാണ് ജനം കോടതിയെ സമീപിക്കുന്നത്. അപ്പോൾ വിശ്വാസത്തിൽ ഇളക്കം തട്ടിയാൽ അതൊരു പ്രശ്നമാവുമെന്ന് ഹർജി പരിഗണിച്ച് കൊണ്ട് ജസ്റ്റിസ് അരുൺമിശ്ര വ്യക്തമാക്കി.കേസിൽ മാപ്പ് പറയാൻ ഇന്നലെ വരെ പ്രശാന്ത് ഭൂഷണ് സമയം നൽകിയിരുന്നു. എന്നാൽ മാപ്പ് പറയാൻ തയ്യാറല്ലെന്ന പ്രശാന്ത് ഭൂഷന്റെ നിലപാടിനെ തുടർന്നാണ് ഇന്ന് വിധിപറയാൻ മാറ്റിവച്ച കേസ് സെപ്തംബർ പത്തിലേക്ക് മാറ്റിയത്. ഉത്തമബോദ്ധ്യത്തോടെ താൻ നടത്തിയ പ്രസ്താവനയിൽ ആത്മാർഥതയില്ലാതെ മാപ്പുപറഞ്ഞാൽ അത് കാപട്യവും ആത്മവഞ്ചനയുമാകുമെന്നാണ് ഭൂഷൺ സുപ്രീം കോടതിയെ അറിയിച്ചത്.