ശ്രീപത്മനാഭ സ്വാമി ക്ഷേത്രഭരണം; ജില്ലാ ജഡ്ജി ഹിന്ദു അല്ലെങ്കിൽ അഡീഷണൽ ജഡ്ജിക്ക് അദ്ധ്യക്ഷനാകാമെന്ന് സുപ്രീംകോടതി
തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്ര വിധിയിൽ ഭേദഗതി. ക്ഷേത്രഭരണസമിതിയിൽ അഡീഷണൽ ജഡ്ജിക്ക് അദ്ധ്യക്ഷനാകാം. ജില്ലാ ജഡ്ജി ഹിന്ദു അല്ലെങ്കിലാണ് ഈ ഇളവ്. പദ്മനാഭസ്വാമി ക്ഷേത്ര ഭരണം ഉപദേശക സമിതി അദ്ധ്യക്ഷനായി തിരഞ്ഞെടുക്കുന്ന റിട്ട ഹൈക്കോടതി ജഡ്ജി മലയാളിയായിരിക്കണമെന്ന ആവശ്യവും സുപ്രീംകോടതി അംഗീകരിച്ചു. കേരളം സ്വദേശമായ വിരമിച്ച ഹൈക്കോടതി ജഡ്ജിയാവണം ഉപദേശകസമിതിയുടെ അദ്ധ്യക്ഷനാകേണ്ടതെന്ന് കോടതി വ്യക്തമാക്കി. ക്ഷേത്ര ട്രസ്റ്റി രാമവർമ്മയുടെ അപേക്ഷയിലാണ് കോടതി അമുമതി.രണ്ട് സമിതിയെ നിയമിക്കാനാണ് സുപ്രീംകോടതി നിർദേശിച്ചിരുന്നത്. ക്ഷേത്ര ഭരണത്തിനായി ഒരു സമിതിയും ഒരു ഉപദേശക സമിതിയും വേണമെന്നാണ് കോടതി പറഞ്ഞിരുന്നത്. ഉപദേശക സമിതിയിലേക്ക് വരുന്ന വിരമിച്ച ഹൈക്കോടതി ജഡ്ജി മലയാളിയല്ലെങ്കിൽ കേരളീയമായ ആചാരങ്ങളെ കുറിച്ച് ധാരണക്കുറവുണ്ടാകുമെന്നായിരുന്നു ഹർജിയിലെ വാദം. ഇത് പരിഗണിച്ചാണ് സുപ്രീംകോടതി തീരുമാനം. പുതിയ ഭരണസമിതി രൂപീകരിക്കാൻ നാലാഴ്ചത്തെ സമയവും സുപ്രീം കോടതി അനുവദിച്ചിട്ടുണ്ട്.