ചരക്ക് സേവന നികുതിയില്‍ നിരവധി ഇളവുകള്‍ കേന്ദ്രം പ്രഖ്യാപിച്ചു; 40 ലക്ഷം വരെയുള്ള ബിസിനസിന് ഇനി നികുതിയില്ല
ന്യൂദല്‍ഹി: കൊറോണയുടെ പശ്ചാത്തലത്തില്‍ ചരക്ക് സേവന നികുതിയില്‍ വലിയ ഇളവുകള്‍ പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. വാര്‍ഷിക വിറ്റുവരവ് 40 ലക്ഷം രൂപ വരെ മാത്രമുള്ള ബിസിനസ് സ്ഥാപനങ്ങളെ പൂര്‍ണമായും നികുതിയില്‍ നിന്ന് ഒഴിവാക്കിയ സര്‍ക്കാര്‍ വാര്‍ഷിക വിറ്റുവരവ് ഒന്നരക്കോടി വരെയുള്ള സ്ഥാപനങ്ങള്‍ക്കുള്ള നികുതി ഒരു ശതമാനം മാത്രമായി കുറച്ചു.
ചരക്കു സേവന നികുതി ഏര്‍പ്പെടുത്തിയ ശേഷം നിരവധി ഉല്‍പ്പന്നങ്ങളുടെ നികുതി വെട്ടിക്കുറച്ചു, 28 ശതമാനം നികുതി ആഡംബര വസ്തുക്കള്‍ക്കു മാത്രമാക്കി. 28 ശതമാനം നികുതിയുണ്ടായിരുന്ന 230 ഇനങ്ങളില്‍ 200 എണ്ണത്തിന്റെ നികുതി കുറഞ്ഞ സ്ലാബിലേക്ക് മാറ്റി. ഇതിനകം നികുതി ദായകരുടെ എണ്ണം ഇരട്ടിയായി. ജിഎസ്ടി തുടങ്ങിയ സമയത്ത് 65 ലക്ഷം നികുതി ദായകരായിരുന്നു. ഇപ്പോള്‍ അവരുടെ എണ്ണം 1.24 കോടിയായി. ചരക്ക് സേവന നികുതി നടപടികളെല്ലാം ഓണ്ലൈനിലായി. 50 കോടി നികുതി റിട്ടേണുകള്‍ ഓണ്‍ലൈനിലാണ് ഫയല്‍ചെയ്യുന്നത്.
നിര്‍മാണ മേഖലയ്ക്ക് അഞ്ചു ശതമാനം നികുതി മാത്രം
നിര്‍മാണ മേഖലയ്ക്ക് വലിയ നികുതി ഇളവാണ് നല്‍കിയത്. ഭവന നിര്‍മാണ മേഖലയ്ക്ക് ഇപ്പോള്‍ ഏറ്റവും കുറഞ്ഞ നികുതിയായ അഞ്ചു ശതമാനം മാത്രമാണ്.
മുഖ്യപങ്കു വഹിച്ച ജെയ്റ്റ്ലിയെ സ്മരിച്ച്
ചരക്ക് സേവന നികുതി 2017 ജൂലൈ ഒന്നിനാണ് നടപ്പാക്കിയത്. ഇക്കാര്യത്തില്‍ നിര്‍ണായക പങ്കു വഹിച്ചത് അന്ന് ധനമന്ത്രിയായിരുന്ന അന്തരിച്ച അരുണ്‍ ജെയ്റ്റ്ലിയാണ്. അദ്ദേഹത്തിന്റെ മുഖ്യപങ്ക് അനുസ്മരിക്കുന്നു, ധനമന്ത്രാലയം ട്വിറ്ററില്‍ കുറിച്ചു.