പെരിയ ഇരട്ടക്കൊലക്കേസിൽ സംസ്ഥാന സർക്കാരിന് തിരിച്ചടി: സർക്കാർ അപ്പീൽ തളളി, സി ബി ഐ അന്വേഷണത്തിന് ഹൈക്കോടതിയുടെ അനുമതി
കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസ് സി ബി ഐ അന്വേഷിക്കും. സി ബി ഐ അന്വേഷണത്തിനെതിരായുളള സംസ്ഥാന സർക്കാറിന്റെ അപ്പീൽ തളളിക്കൊണ്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബഞ്ചാണ് സുപ്രധാനമായ ഈ വിധി പുറപ്പെടുവിച്ചത്.എന്നാൽ കേസിൽ ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രം കോടതി റദ്ദാക്കിയിട്ടില്ല. സി ബി ഐക്ക് വേണമെങ്കിൽ കുറ്റപത്രത്തിൽ കൂട്ടിച്ചേർക്കലുകൾ നടത്താം. സി ബി ഐയുടെ തുടരന്വേഷണത്തിന് ശേഷമേ കേസിൽ വിചാരണ നടപടികൾ തുടങ്ങാനാകൂ എന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.വാദം പൂർത്തിയായി ഒമ്പതുമാസവും ഒമ്പതുദിവസവും കഴിഞ്ഞ ശേഷമാണ് വിധിപറഞ്ഞത്.വിധി വൈകുന്ന സാഹചര്യത്തിൽ കേസ് മറ്റൊരു ബെഞ്ചിലേക്ക് കേസ് മാറ്റണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത്ത് ലാലിന്റെയും ബന്ധുക്കൾ ഹർജി നൽകിയതിന് പിന്നാലെയാണ് കോടതിവിധിയുണ്ടായത്.