കരിപ്പൂരില്‍ വീണ്ടും സ്വര്‍ണവേട്ട; 88 ലക്ഷത്തിന്റെ സ്വര്‍ണവുമായി രണ്ടുപേര്‍ പിടിയില്‍
മലപ്പുറം: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട. രണ്ട് യാത്രക്കാരില്‍ നിന്നായി 1.850 കിലോഗ്രാം സ്വര്‍ണമാണ് ഇന്നലെ കസ്റ്റംസ് പിടികൂടിയത്. ഇതിന് വിപണിയില്‍ 88 ലക്ഷത്തോളം രൂപ വിലവരും. റിയാദില്‍ നിന്നെത്തിയ കോഴിക്കോട് കൊടുവള്ളി സ്വദേശി ടി.പി. ഷാരീഖാണ് ആദ്യം പിടിയിലായത്. സ്പൈസ് ജെറ്റ് വിമാനത്തിലെത്തിയ ഇയാളില്‍ നിന്ന് 1.7 കിലോഗ്രാം സ്വര്‍ണമാണ് പിടിച്ചെടുത്തത്. എമര്‍ജന്‍സി ലാംപിലെ ബാറ്ററിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം.
പിന്നാലെയാണ് ദുബായില്‍ നിന്നെത്തിയ കാസര്‍കോട് ബണ്ടിച്ചാല്‍ സ്വദേശി ഇസ്മായില്‍ നിന്ന് 146 ഗ്രാം സ്വര്‍ണവും മുപ്പത്തെട്ടായിരം രൂപയുടെ വിദേശ നിര്‍മിത സിഗരറ്റും പിടിച്ചെടുത്തു. ബാഗിലെ പ്രത്യേക അറയിലാണ് സ്വര്‍ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചത്. തുടര്‍ച്ചയായി രണ്ടാം ദിവസമാണ് കരിപ്പൂരില്‍ സ്വര്‍ണവേട്ട. ഞായറാഴ്ച 500 ഗ്രാം സ്വര്‍ണവുമായി മലപ്പുറം പട്ടിക്കാട് സ്വദേശി കെ. മൂസയും അറസ്റ്റിലായിരുന്നു. സ്പൈസ് ജെറ്റ് വിമാനത്തിലാണ് ഇയാളും സ്വര്‍ണം കൊണ്ടുവന്നത്.