‘ശരിയെന്നുറപ്പിച്ചതിന് ശേഷമാണ് ആ വാര്‍ത്ത നല്‍കിയത്’ , സ്വപ്നയും ശിവശങ്കറും ബഹിരാകാശവിവരങ്ങള് ചോര്‍ത്തിയെന്ന ജനയുഗം വാര്‍ത്ത ന്യായീകരിച്ച് എഡിറ്റര്‍ രാജാജി മാത്യു
തിരുവനന്തപുരം: സ്വര്‍ണക്കടത്തുകേസിലെ പ്രതികള്‍ രാജ്യത്തെ ബഹിരാകാശ രഹസ്യങ്ങള്‍ ചോര്‍ത്തിയെന്ന വാര്‍ത്ത നല്‍കിയത് ധാര്‍മികതയുടെ ഭാഗമായാണെന്ന് ജനയുഗം എഡിറ്റര്‍ രാജാജി മാത്യു തോമസ്. സ്വപ്ന സുരേഷും ശിവശങ്കറും തുടര്‍ച്ചയായി ബെംഗളുരുവിലുള്ള ഐ.എസ്.ആര്.ഒ ആസ്ഥാനത്ത് സന്ദര്‍ശനം നടത്തിയതായും ഇവര്‍ ഇന്ത്യയുടെ നിര്‍ണായക ബഹിരാകാശ രഹസ്യങ്ങള്‍ ചോര്‍ത്തിയെടുത്ത് വിദേശരാജ്യങ്ങള്‍ക്കു വിറ്റതായി എന്‍.ഐ.എ കണ്ടെത്തിയെന്നുമായിരുന്നു ജനയുഗം പ്രസിദ്ധീകരിച്ച വാര്‍ത്ത.
ജനയുഗത്തിന്റെ സ്പെഷ്യല്‍ കറസ്പോണ്ടന്റ് കെ.രംഗനാഥന് നല്കിയ വാര്‍ത്ത കൃത്യമാണെന്നും ഇത്തരമൊരു വാര്‍ത്ത കൊടുക്കാതിരുന്നാല്‍ അത് മാധ്യമധര്മമാവില്ലെന്നും രാജാജി മാത്യു തോമസ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികള്‍ ബഹിരാകാശവിവരങ്ങള് ചോര്‍ത്തിയതുമായി ബന്ധപ്പെട്ട് എന്‍.ഐ.എയുടെ അന്വേഷണം നടക്കുന്നതായി വാര്‍ത്തയില്‍ പറയുന്നത് ശരിയാണെന്നും അദ്ദേഹം പറഞ്ഞു.
‘സ്പ്രിങ്ക്ളര്‍ വിഷയത്തില്‍ നേരത്തേതന്നെ ശിവശങ്കറിനെതിരെ സി.പി.ഐയും ജനയുഗവും നിലപാടെടുത്തിട്ടുണ്ട്. ശിവശങ്കറിനെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പദവിയില്‍ നിര്‍ത്തുന്നതിനെതിരെ മുഖ്യമന്ത്രിയോട് സംസാരിച്ചിട്ടുള്ളതുമാണ്. മുഖ്യമന്ത്രി രാജി വെക്കണമെന്ന് സി.പി.ഐ ആവശ്യപ്പെടുന്നില്ല, എന്നാല്‍ കൃത്യമായ അന്വേഷണം നടത്തണമെന്നാണ് പറയാനുള്ളത്’, അദ്ദേഹം പറഞ്ഞു.
വാര്‍ത്ത കൊടുത്തതിന് ശേഷം സി.പി.ഐയുടെ ഭാഗത്തുനിന്നും ഇതുവരെയും എതിര്‍പ്പ് ഉണ്ടായിട്ടില്ലെന്നും അതിനാല്‍ വിഷയത്തില്‍ പാര്‍ട്ടിയുടെ നിലപാടും ഇതുതന്നെയാണെന്നാണ് മനസ്സിലാക്കേണ്ടതെന്നും രാജാജി മാത്യു തോമസ് പറയുന്നു.