പിണറായി സർക്കാരിന്റെ തല അമിത്ഷായുടെ കക്ഷത്തിലാണ്;
പാവങ്ങളുടെ ലൈഫ് മിഷൻ കൈക്കൂലി മിഷൻ ആക്കി .മുഖ്യമന്ത്രിയുടെ ക്യാബിനിൽ കള്ളന്മാർ.
അവിശ്വാസ പ്രമേയം കുറ്റപത്രമാക്കി ആഞ്ഞടിച്ച് വി.ഡി സതീശൻ
തിരുവനന്തപുരം: ഭരണത്തിന്റെ കപ്പിത്താനായ മുഖ്യമന്ത്രി നിയന്ത്രിക്കുന്ന കപ്പലിനെ അദ്ദേഹത്തിന് നിയന്ത്രിക്കാൻ പറ്റുന്നില്ലെന്ന് അവിശ്വാസ പ്രമേയം അവതരിപ്പിച്ച് വി.ഡി സതീശൻ എം.എൽ.എ. കപ്പിത്താന്റെ ക്യാബിനിൽ തന്നെയാണ് കള്ളന്മാർ. സ്വർണക്കടത്തിന്റെ ആസ്ഥാനം തന്നെ മുഖ്യമന്ത്രിയുടെ ഓഫീസാണ്. ശിവശങ്കറിനെ കള്ളക്കടത്ത് സംഘം വരുതിയിലാക്കി. മുഖ്യമന്ത്രിയുടെ ഓഫീസിനെ കള്ളക്കടത്ത് സംഘം ഹൈജാക്ക് ചെയ്തു. സെക്രട്ടേറിയേറ്റിൽ എൻഫോഴ്സ്മെന്റ് അടക്കമുള്ള അന്വേഷണ ഏജൻസികൾ കയറിയിറങ്ങുകയാണ്. മുഖ്യമന്ത്രിക്ക് എന്ത് ചോദിച്ചാലും ഒന്നും അറിയില്ല. എല്ലാം അറിയുന്ന ഒരാളിനെ എല്ലാ മന്ത്രിമാരും ചേർന്ന് കുറ്റപ്പെടുത്തുകയാണെന്നും സതീശൻ പരിഹസിച്ചു.സ്വപ്നയുടെ നിയമനം മുഖ്യമന്ത്രി അറിഞ്ഞില്ലെന്ന് വിശ്വസിക്കാനാകില്ല. വ്യക്തമായ പദ്ധതിയുമായാണ് സ്വർണക്കടത്ത് സംഘം എത്തിയത്. ലൈഫ് മിഷൻ പദ്ധതിയിൽ ധാരണപത്രം ഒപ്പിട്ട ശേഷം സർക്കാർ ഒന്നും ചെയ്തില്ല. ബെവ്കോ ആപ്പിൽ അഴിമതിയാണ്. എല്ലാം ശിവശങ്കറിന്റെ തലയിൽ കെട്ടിവയ്ക്കുകയാണ്. പാവങ്ങളുടെ ലൈഫ് മിഷൻ സർക്കാർ കൈക്കൂലി മിഷൻ ആക്കി. വിദേശ നിയമങ്ങളെയും ചട്ടങ്ങളെയും ബൂർഷ്വാ നിയമങ്ങളെന്ന് പറഞ്ഞ് കെ.ടി ജലീൽ വാട്സാപ്പിലൂടെ ബദലുണ്ടാക്കി. സക്കാത്ത് സ്വന്തം പോക്കറ്റിൽ നിന്നാണ് കൊടുക്കേണ്ടത്. കള്ള തട്ടിപ്പിന് മന്ത്രി വിശുദ്ധ ഗ്രന്ഥത്തിനെ മറയാക്കി. 15 തവണയാണ് ജലീൽ സ്വർണക്കടത്ത് പ്രതിയെ ഫോണിൽ വിളിച്ചതെന്നും സതീശൻ പറഞ്ഞു.എല്ലാ നിയമങ്ങളെയും ജലീൽ കാറ്റിൽപറത്തി. കൺസൾട്ടൻസി സർക്കാരിന്റെ വീക്ക്നെസാണ്. ലൈഫിൽ നാലേകാൽ കോടിയല്ല ഒമ്പതേകാൽ കോടിയാണ് കമ്മീഷൻ. ഈ കെട്ടകാലത്ത് ഏജന്റുമാരും മൂന്നാമന്മാരും അവതാരങ്ങളുമെല്ലാം സെക്രട്ടേറിയേറ്റിൽ കയറിയിറങ്ങുകയാണ്. 51 വെട്ടുവെട്ടി മാദ്ധ്യമസ്വാതന്ത്ര്യത്തെയും ജമാധിപത്യത്തെയും കൊല്ലരുത്. കൺസൾട്ടൻസി രാജിനെ കുറിച്ച് ഒരു ധവളപത്രം ഇറക്കാൻ സഹായം യാത്രയാക്കണം. ധനകാര്യമന്ത്രിയും ധനകാര്യവകുപ്പും നോക്കുകുത്തിയായി. ഈ നാടിന്റെ സമ്പദ്വ്യവസ്ഥ കുട്ടിച്ചോറായി.കേരളത്തിലെ ചെറുപ്പക്കാർക്കിടയിൽ അമർഷത്തിന്റെ തീ പുകയുകയാണ്. പ്രളയ പുനർനിർമ്മാണം തകർന്ന് തരിപ്പണമായി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് എട്ട് കോടി രൂപ സഖാക്കന്മാർ തട്ടിയെടുത്തു. പ്രളയഫണ്ട് തട്ടിച്ചവരെ അറസ്റ്റ് ചെയ്യാൻ പിണറായിക്ക് സാധിച്ചില്ല. ക്യാബിനറ്റ് കൂടുമ്പോൾ മന്ത്രിമാർ എന്തെങ്കിലും തുറന്ന് സംസാരിക്കണം. ഇത് സ്റ്റാലിന്റെ മന്ത്രിസഭയല്ല. ഈ സർക്കാരിന്റെ തല അമിത്ഷായുടെ കക്ഷത്തിലാണ്. കേരളത്തിന്റെ മാനാഭിമനത്തിന് മേൽ സർക്കാർ മുറിവേൽപ്പിച്ചുവെന്നും സതീശൻ പറഞ്ഞു.