ഒരു കൊവിഡ് മരണം കൂടി, കണ്ണൂർ സ്വദേശിനിയാണ് പരിയാരം മെഡി. കോളേജിൽ മരിച്ചത്
കണ്ണൂർ: സംസ്ഥാനത്ത് ഇന്ന് ഒരു കൊവിഡ് മരണം കൂടി. കണ്ണൂർ പടിയൂർ സ്വദേശിനി ഏലിക്കുട്ടി വെട്ടുകുഴിയിൽ (64) ആണ് മരിച്ചത്. പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. അവരുടെ വീട്ടിലെ അഞ്ചുപേർക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. ന്യുമോണിയ ബാധിച്ച ഇവർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ പരിയാരത്തേക്ക് മാറ്റുകയായിരുന്നു. ഇതോടെ ഇന്ന് രോഗബാധയേറ്റ് മരിച്ചവരുടെ എണ്ണം മൂന്നായി. പത്തനംതിട്ടയിലും മലപ്പുറത്തുമാണ് കൊവിഡ് മരണങ്ങളുണ്ടായത്.
മലപ്പുറം തൂത സ്വദേശി മുഹമ്മദാണ് (85) മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊവിഡ് ബാധിച്ച് മരിച്ചത്. പ്രമേഹം, രക്തസമ്മർദ്ദം, ശ്വാസകോശരോഗം എന്നിവയുണ്ടായിരുന്ന മുഹമ്മദിന്റെ രോഗഉറവിടം കണ്ടെത്തിയിട്ടില്ല. കഴിഞ്ഞ വെള്ളിയാഴ്ച മരിച്ച കോട്ടാങ്ങൽ സ്വദേശി വീട്ടിൽ ദേവസ്യ പിലിപ്പോസിനാണ് പത്തനംതിട്ടയിൽ കൊവിഡ് സ്ഥിരീകരിച്ചത്. 54 വയസായിരുന്നു, വൃക്കരോഗ ബാധിതനായിരുന്നു ദേവസ്യ.
അതേ സമയം സമൂഹവ്യാപനമറിയാൻ സംസ്ഥാനത്ത് ഐസിഎംആർ രണ്ടാംഘട്ട പഠനം തുടങ്ങി. തൃശൂർ, എറണാകുളം, പാലക്കാട് ജില്ലകളിലാണ് കേന്ദ്ര നിർദേശമനുസരിച്ചുള്ള പഠനം. തിരുവനന്തപുരത്തിനൊപ്പം ചില ജില്ലകളെങ്കിലും സമൂഹവ്യാപനത്തിന്റെ വക്കിലാണെന്ന വിലയിരുത്തൽ നില നിൽക്കെയാണ് പഠനം. കേരളത്തിൽ രോഗവ്യാപനം രൂക്ഷമായിരിക്കെ നടക്കുന്ന പഠനം സമൂഹവ്യാപനമറിയുന്നതിൽ നിർണായകമാണ്. മുൻപ് പരിശോധനയോ ചികിത്സയോ നടത്താത്തവർ, സമ്പർക്കത്തിൽ വരാത്തവർ എന്നിവരെ തെരഞ്ഞെടുത്താണ് പരിശോധിക്കുക.