ഇന്ത്യന്‍ ഭരണഘടന അഭിപ്രായ സ്വാതന്ത്ര്യം അനുവദിക്കുമ്പോള്‍ കോടതിയ്ക്ക് അതെങ്ങനെ തടയാനാകും’; പ്രശാന്ത് ഭൂഷണിന് ഐക്യദാര്‍ഢ്യവുമായി ജസ്റ്റിസ് കര്ണന്
ന്യൂദല്‍ഹി: ഇന്ത്യന്‍ ഭരണഘടന അഭിപ്രായ സ്വാതന്ത്ര്യം അനുവദിക്കുമ്പോള്‍ കോടതിയ്ക്ക് അതങ്ങെനെ തടയാനാകുമെന്ന് ജസ്റ്റിസ് കര്ണന്. കോടതിയലക്ഷ്യ കേസില്‍ പ്രശാന്ത് ഭൂഷണിന് പിന്തുണ നല്‍കികൊണ്ട് ദ പ്രിന്റിന് അനുവദിച്ച അഭിമുഖത്തിലാണ് ജസ്റ്റിസ് കര്ണന് വിഷയത്തില്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.
പ്രശാന്ത് ഭൂഷണിനെതിരായ സുപ്രീം കോടതിയുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് കോടതിയലക്ഷ്യത്തിന് ഇന്ത്യയില്‍ ആദ്യമായി സര്‍വ്വീസിലിരിക്കെ ശിക്ഷിക്കപ്പെട്ട ജഡ്ജിയായ ജസ്റ്റിസ് സി.എസ്.കര്ണന് പറഞ്ഞു
”പ്രശാന്ത് ഭൂഷണ് തന്റെ ട്വീറ്റിലൂടെ ഭരണഘടന നല്കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം മാത്രമാണ് ഉപയോഗിച്ചത്. ജഡ്ജിമാര്‍ നിയമത്തിന് അതീതരല്ല. മറ്റുള്ള സ്ഥാപനങ്ങളിലുള്ളവര്‍ പൊതുജനങ്ങളോട് ഉത്തരം പറയാന്‍ ബാധ്യസ്ഥരാകുന്നത് പോലെ തന്നെ ജഡ്ജിമാര്‍ക്കും ഉത്തരവാദിത്തം ഉണ്ട്.
ഇന്ത്യന്‍ ഭരണഘടനയെ പിന്തുടരുന്നതിനോടൊപ്പം തന്നെ പ്രവര്‍ത്തനങ്ങളില്‍ സുതാരത്യത ഉറപ്പുവരുത്തേണ്ടതും അവരുടെ കടമയാണ്. അവര്‍ക്കും ശമ്പളം ലഭിക്കുന്നത് ജനങ്ങളുടെ നികുതിപ്പണത്തില്‍ നിന്ന് തന്നെയാണ്”, ജസ്റ്റിസ് കര്ണന് പറഞ്ഞു.
പ്രശാന്ത് ഭൂഷണിന്റെ വിവാദമായ ട്വീറ്റ് വസ്തുതാപരമാണെന്ന് അഭിഭാഷകന് വ്യക്തമാക്കിയിട്ട് പോലും അദ്ദേഹത്തെ കുറ്റക്കാരനെന്നു വിധിക്കുന്ന കോടതി വിധി ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ല. തന്റെ പ്രസ്താവനയിലൂടെ ഭൂഷണ് എന്ത് നിയമമാണ് ലംഘിച്ചതെന്നും അദ്ദേഹത്തിന്റെ ട്വീറ്റിന്റെ ഏത് ഭാഗമാണ് കോടതിയെ അപമാനിക്കുന്നതെന്നും ജസ്റ്റിസ് കര്ണന് ചോദിച്ചു.
കോടതിയലക്ഷ്യത്തിന് നടപടികള്‍ എടുക്കുന്ന കോടതിയുടെ മാനദണ്ഡങ്ങള്‍ പോലും സ്ഥിരതയില്ലാത്തതാണെന്നും കര്ണന് പറയുന്നു.
” എന്റെ കേസില്‍ ഏഴംഗ ബെഞ്ചായിരുന്നു വാദം കേട്ടത് എന്നാല്‍ പ്രശാന്ത് ഭൂഷണിന്റെ കേസില്‍ അത് മൂന്നാണ്. ചില കേസുകളില്‍ രണ്ടംഗ ബെഞ്ചാണ് വാദം കേള്‍ക്കുക. ഇത് വ്യക്തമാക്കുന്നത് കോടതി അലക്ഷ്യവുമായി ബന്ധപ്പെട്ട കേസുകള്‍ കൈകാര്യം ചെയ്യുന്നതിന് കോടതിയ്ക്ക് കൃത്യമായ ഒരു മാനദണ്ഡവുമില്ല എന്നാണ്”. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജഡ്ജിമാര്‍ക്കെതിരായ തുറന്ന അന്വേഷണത്തിന് പ്രത്യേക സംവിധാനം വേണമെന്നും ജസ്റ്റിസ് കര്ണന് പറഞ്ഞു. ‘ ഞാന്‍ 20 ജഡ്ജിമാര്‍ക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് കത്തയച്ചത്. ഇത് പിന്നീട് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കൈമാറ്റം ചെയ്തു. എന്റെ പരാതിയില്‍ തീര്‍ച്ചയയും ഒരു അന്വേഷണം നടത്തേണ്ടതായിരുന്നു. എന്നാല്‍ ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ എഴംഗ ബെഞ്ച് രൂപീകരിച്ച് എനിക്കെതിരെ നടപടിയെടുക്കുകയായിരുന്നു”, ജസ്റ്റിസ് കര്ണന് പറഞ്ഞു.
കോടതിയ്ക്കകത്ത് വച്ചു നടക്കുന്ന പല അന്വേഷങ്ങളും പലപ്പോഴും ഇല്ലാതാവകുയും അല്ലെങ്കില്‍ നടപടി സ്വീകരിക്കാതെ പോവുകയുമാണെന്നും അദ്ദേഹം പറയുന്നു.
ജഡ്ജിമാര്‍ക്കെതിരായ ക്രിമിനല്‍ കേസുകളില്‍ തുറന്ന അന്വേഷണമാണ് വേണ്ടത്. അതിന് സുതാര്യത വേണം. നീതിന്യായ സംവിധാനത്തില്‍ എന്താണ് സംഭവിക്കുന്നതെന്നറിയാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ടെന്നും വ്യക്തമാക്കുകയാണ് ജസ്റ്റിസ് കര്ണന്.
സര്വ്വീസിലിരിക്കുന്നതും വിരമിച്ചതുമായ ജഡ്ജിമാര്‍ക്കെതിരായ അഴിമതി ആരോപണത്തില്‍ സുതാര്യമായ നടപടികള്‍ സ്വീകരിക്കാന്‍ പര്യാപ്തമായ സംവിധാനങ്ങള്‍ രൂപപ്പെടേണ്ടതിന്റെ സമയം അതിക്രമിച്ചുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
2017ലാണ് കൊല്‍ക്കത്ത, മദ്രാസ് ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് കര്ണന് കോടതിയലക്ഷ്യത്തിന് ശിക്ഷിക്കപ്പെടുന്നത്. 2017 മെയ് ഒമ്പതിനാണ് ജെ.എസ് ഖെഹര്‍ അധ്യക്ഷനായ ഏഴംഗ ഭരണഘടന ബെഞ്ച് ആദ്യമായി ഒരു ഹൈക്കോടതി സിറ്റിങ്ങ് ജഡ്ജിയ്ക്ക് ആറുമാസം തടവു ശിക്ഷ വിധിക്കുന്നത്. അദ്ദേഹവും കോടതിയും തമ്മില്‍ മാസങ്ങള്‍ നീണ്ടു നിന്ന നിയമ പോരാട്ടത്തിന് ശേഷമായിരുന്നു കേസില്‍ കോടതി വിധി പുറപ്പെടുവിച്ചത്.
2017 ജനുവരിയില്‍ ജഡ്ജിമാര്‍ക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ചുകൊണ്ട് ജസ്റ്റിസ് കര്ണന് പ്രധാനമന്ത്രിയ്ക്ക് കത്തയക്കുന്നതോടുകൂടിയാണ് വിവാദങ്ങള്‍ക്ക് തുടക്കമാകുന്നത്. തുടര്‍ന്ന് ജസ്റ്റിസ് കര്‍ണനെതിരെ കോടതിയലക്ഷ്യത്തിന് കേസെടുക്കുകയും ഫെബ്രുവരിയല്‍ അദ്ദേഹം കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും ചെയ്തു.
തനിക്കെതിരായുള്ള പ്രശാന്ത് ഭൂഷണിന്റെ പ്രസ്താവനിയില്‍ പ്രതികരിക്കാന്‍ വിസമ്മതിച്ച കര്ണന് താന്‍ നിയമത്തെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ മാത്രമാണ് ആഗ്രഹിക്കുന്നതെന്ന് വ്യക്തമാക്കുകയും ചെയ്തു. പ്രശാന്ത് ഭൂഷണിനെതിരായ കേസില്‍ പൊതുജനങ്ങളില്‍ നിന്നുണ്ടായ തരത്തിലുള്ള ജനരോഷം തന്റെ കേസില്‍ ഉണ്ടാവാതിരുന്നതിനെക്കുറിച്ച് അദ്ദേഹം പ്രതികരിച്ചില്ല.