മന്ത്രി ജലീലിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ
തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിനെതിരെ കേന്ദ്ര ധനമന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചു. കേന്ദ്രത്തിന്റെ അന്വേഷണത്തിനൊപ്പം എൻ.ഐ.എയും അദ്ദേഹത്തിനെതിരെ അന്വേഷണം നടത്തും. കേന്ദ്ര അനുമതി ഇല്ലാതെ വിദേശ സഹായം സ്വീകരിച്ചതിനാണ് എൻ.ഐ.എ അന്വേഷണം. വിദേശനാണ്യ ചട്ടം ലംഘിച്ചതിനാണ് കേന്ദ്രസർക്കാർ മന്ത്രിക്കെതിരെ അന്വേഷണം നടത്തുക.യു.എ.ഇ കോൺസുലേറ്റിൽ നിന്ന് അഞ്ചു ലക്ഷം രൂപയുടെ സഹായം സ്വീകരിച്ചുവെന്ന് മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും ഇതു സംബന്ധിച്ച് പരാതി ലഭിച്ചിരുന്നു. കോൺസുലേറ്റ് ജനറലുമായി നേരിട്ട് ഇടപാട് നടത്തുന്നതിന് കേന്ദ്രാനുമതി ആവശ്യമായിരുന്നു. എന്നാൽ ഇത് ലഭിക്കാതെയാണ് മന്ത്രി ബന്ധപ്പെട്ടത്. നിയമനിർമ്മാണ സഭാംഗങ്ങൾ വിദേശ സഹായം സ്വീകരിക്കുന്നതിൽ കേന്ദ്രത്തിന്റെ മുൻകൂർ അനുമതി ആവശ്യമുണ്ട് എന്നാണ് നിയമം. എന്നാൽ ഇത് ജലീൽ നേടിയിരുന്നില്ല. നിയമലംഘനം തെളിഞ്ഞാൽ അഞ്ചു വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണിത്.കേരളത്തിൽ നിന്ന് നിരവധി പരാതികൾ ലഭിച്ച പശ്ചാത്തലത്തിലാണ് അന്വേഷണത്തിന് ധനമന്ത്രാലയം തയ്യാറാടുക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് നടപടികൾ അടുത്തായാഴ്ച ഉണ്ടാകുമെന്നാണ് സൂചന. വിദേശ നാണ്യ വിനിമയ ചട്ട ലംഘനം ഉണ്ടായിരിക്കുന്നുവെന്നാണ് കേന്ദ്രത്തിന്റെ പ്രാഥമിക വിലയിരുത്തൽ. വിഷയവുമായി ബന്ധപ്പെട്ട ചർച്ചകൾ കഴിഞ്ഞ ദിവസം വിദേശകാര്യമന്ത്രാലയത്തിൽ നടന്നിരുന്നു. ലൈഫ് മിഷനുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്ത കൂട്ടത്തിൽ ജലീൽ വിഷയവും ചർച്ചയായെന്നാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് വിഷയം ധനമന്ത്രാലയത്തിന്റെ പരിഗണനയിലേക്ക് എത്തിയത്.