യുവതിയെ ലൈംഗികമായി പീഡിപ്പിച്ചത് 139 പേർ; പിന്നിൽ രാഷ്ട്രീയക്കാരും ബിസിനസുകാരും.
വധഭീഷണിയും ഉയർന്നു
ഹൈദരാബാദ്: 139 പേർ ചേർന്ന് തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് തെലങ്കാന സ്വദേശിയായ 25കാരിയുടെ പരാതി. കഴിഞ്ഞ കുറച്ചു വർഷങ്ങളായാണ് പീഡനം നടന്നതെന്നാണ് പെൺകുട്ടി പറയുന്നത്. വിദ്യാർത്ഥി നേതാക്കൾ, രാഷ്ട്രീയക്കാർ, മാദ്ധ്യമപ്രവർത്തകർ, അഭിഭാഷകർ, ബിസിനസുകാർ എന്നിവരുടെ പേരുകൾ യുവതി പരാതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പാഞ്ചഗുട്ട പൊലീസ് സ്റ്റേഷനിലാണ് യുവതി പരാതി നൽകിയിരിക്കുന്നത്.ഭയം, ആശങ്ക, പ്രതികളിൽ നിന്നുള്ള ഭീഷണി എന്നിവയെതുടർന്നാണ് പൊലീസിൽ അറിയിക്കാൻ കാലതാമസം നേരിട്ടതെന്ന് യുവതി പറഞ്ഞതായി പൊലീസ് വ്യക്തമാക്കുന്നു. പരാതിയെ തുടർന്ന് ഐ.പി.സി വകുപ്പുകൾ ചുമത്തി കേസെടുത്തതായും 42 പേജുള്ള കുറ്റപത്രം തയ്യാറാക്കി അന്വഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു. യുവതിയെ വൈദ്യപരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. വിവാഹിതയായി ഒരു വർഷത്തിനുള്ളിൽ തന്നെ യുവതി വിവാഹമോചനം നേടിയിരുന്നു.2009ൽ വിവാഹിതയായതിന് ശേഷം കുടുംബാംഗങ്ങളായ 20 പേർ ലൈംഗികമായി ഉപദ്രവിച്ചു എന്ന് പരാതിയിൽ പറയുന്നു. വിവാഹമോചനത്തിന് ശേഷം പഠനം തുടരാൻ വേണ്ടി മാതാപിതാക്കളുടെ വീട്ടിലേക്ക് പോയി. പിന്നീട് നിരവധി പേർ ലൈംഗികമായി ആക്രമിച്ചുവെന്നും പൊലീസിൽ അറിയിച്ചാൽ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി വെളിപ്പെടുത്തുന്നു.