ഭാഷ അറിയാത്തതിന്റെ പേരിൽ ജോലി തടഞ്ഞു നിയമനം നൽകണമെന്ന് മനുഷ്യാവകാശ കമ്മിഷൻ
കാസർകോട് : ഫിസിക്കൽ സയൻസ് അധ്യാപകനായി പി.എസ്.സി. നിയമനം ലഭിച്ചയാളെ കന്നഡ അറിയില്ലെന്ന പേരിൽ സർവീസിൽ പ്രവേശിപ്പിക്കാതിരുന്ന കാസർകോട് വിദ്യാഭ്യാസ ഉപഡയറക്ടറുടെ നടപടി അന്യായവും നീതികേടുമാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ. ഈ അധ്യാപകന് രണ്ട് മാസത്തിനകം നിയമനം നൽകാൻ കമ്മിഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിട്ടു. കാസർകോട് വിദ്യാഭ്യാസ ഉപഡയറക്ടർക്കാണ് നിർദേശം നൽകിയത്.
തിരുവനന്തപുരം ആലംകോട് സ്വദേശി എസ്. മുഹമ്മദ് ഷിജിർ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. കാസർകോട് മൂടംബെൽ ഗവ. ഹൈസ്കൂളിലാണ് കന്നഡ മീഡിയത്തിൽ 2019 ഒക്ടോബർ 30-ന് നിയമനം ലഭിച്ചത്. കുട്ടികളും അധ്യാപകരും പ്രാദേശിക നേതാക്കളും ചേർന്നാണ് ജോലിയിൽ പ്രവേശിക്കാൻ തടസ്സം നിന്നത്. വിഷയത്തിൽ കമ്മിഷൻ കാസർകോട് വിദ്യാഭ്യാസ ഉപഡയറക്ടറിൽനിന്ന് റിപ്പോർട്ട് തേടിയിരുന്നു.
പരാതിക്കാരന് മുൻപ് ഇതേ സ്കൂളിൽ നിയമനം ലഭിച്ച രണ്ട് അധ്യാപകർക്കും സമാന അനുഭവമുണ്ടായതായി റിപ്പോർട്ടിൽ പറയുന്നു. കന്നഡ അറിയാത്തതായിരുന്നു കാരണം. പരാതിക്കാരൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല. പരാതിക്കാരന് കന്നഡ അറിയില്ലെന്ന് അറിയാമായിരുന്നിട്ടും സമാന അനുഭവം ഉണ്ടായിട്ടുള്ള സ്കൂളിൽ തന്നെ അദ്ദേഹത്തെ നിയമിച്ച ഉപഡയറക്ടറുടെ ഔചിത്യത്തെ കമ്മിഷൻ വിമർശിച്ചു.
ഏഴുമാസമായി പരാതിക്കാരൻ ജോലിയില്ലാതെ നിന്നിട്ടും നടപടി സ്വീകരിക്കാത്തത് മനുഷ്യാവകാശലംഘനമാണ്. ഇത് പരാതിക്കാരന്റെ ജീവിക്കാനുള്ള അവകാശത്തെ ചോദ്യം ചെയ്യുന്ന നടപടിയാണെന്നും കമ്മിഷൻ ചൂണ്ടിക്കാട്ടി.