ചന്ദനക്കടത്ത്: വിവരം ചോര്‍ത്തിയ വൈരാഗ്യത്തിന് മറയൂരില്‍ യുവതിയെ വെടിവെച്ചുകൊന്നു
മറയൂര്‍: ഇടുക്കി മറയൂരില്‍ യുവതി വെടിയേറ്റുമരിച്ചു. പാണപ്പെട്ടകുടിയില് ചന്ദ്രിക(34) ആണ് കൊല്ലപ്പെട്ടത്. വെളളിയാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. ചന്ദ്രികയുടെ ചേച്ചിയുടെ മകന് കാളിയപ്പനാണ് വെടിവെച്ചതെന്ന് പോലീസ് പറഞ്ഞു. മൂന്നുപേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. കൊല്ലപ്പെട്ട ചന്ദ്രികയുടെ ബന്ധു കാളിയപ്പന്, മാധവന്, മണികണ്ഠന് എന്നിവരെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്.
കൃഷിയിടത്തില്‍ കാവല്‍ നില്‍ക്കുകയായിരുന്നു ചന്ദ്രിക. കളളത്തോക്കുമായെത്തിയ കാളിയപ്പന് ചന്ദ്രികയ്ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. മണികണ്ഠന്, മാധവന് എന്നീ സുഹൃത്തുക്കളും കാളിയപ്പനൊപ്പം ഉണ്ടായിരുന്നു. കൊലപാതകത്തിന് ശേഷം സമീപത്തെ കാട്ടില്‍ ഒളിച്ച ഇവരെ പോലീസ് പിടികൂടുകയായിരുന്നു.
ചന്ദനക്കേസുമായി ബന്ധപ്പെട്ട വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് കാരണം.നിരവധി ചന്ദന മോഷണക്കേസുകളില്‍ പ്രതിയാണ് കാളിയപ്പനും മണികണ്ഠനും. ചന്ദനം കടത്തുന്ന വിവരം വനംവകുപ്പിനെ അറിയിച്ചത് ചന്ദ്രികയാണ് എന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് കാളിയപ്പന് ഇവരെ ഇല്ലാതാക്കാന്‍ ശ്രമിച്ചത്.
കസ്റ്റഡിയിലെടുത്ത മൂന്നുപേരേയും പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. കൊലപാതകത്തിന് പിന്നില്‍ മറ്റെന്തെങ്കിലും കാരണം ഉണ്ടോയെന്നുകൂടി പോലീസ് പരിശോധിച്ചുവരികയാണ്.