ലൈഫ് മിഷൻ; മിനുട്സ് പുറത്തു വന്നാൽ ആദ്യം കുടുങ്ങുന്നത് മുഖ്യമന്ത്രി, ധാരണാപത്രത്തിന്റെ കോപ്പി ചോദിച്ചിട്ട് ഇതുവരെ തന്നിട്ടില്ലെന്ന് ചെന്നിത്തല
തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് പദ്ധതിയിൽ ബന്ധമില്ലെന്ന സർക്കാർ വാദം പച്ചക്കള്ളമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സർക്കാർ സാന്നിദ്ധ്യം എല്ലാ ഇടപാടിലുമുണ്ട്. സർക്കാർ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് യൂണിടാകിന് പദ്ധതി ലഭിച്ചത്. എല്ലാം നടന്നത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി.ആളുകളെ കളിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട ഫയലുകൾ മുഖ്യമന്ത്രി വിളിപ്പിച്ചത്. പദ്ധതിയുടെ ധാരണാപത്രത്തിന്റെ കോപ്പി താൻ ചോദിച്ചിട്ട് ഇതുവരെ തന്നിട്ടില്ല. മിനുട്സ് പുറത്തു വന്നാൽ ആദ്യം കുടുങ്ങുന്നത് മുഖ്യമന്ത്രിയായിരിക്കും. കരാർ ഒപ്പിട്ട രീതി ദുരൂഹമെന്നും മിഷൻ സെക്രട്ടറി, സി.ഇ.ഒ എന്നിവരെ അറിയിക്കാതെയാണ് നടപടികൾ നടന്നതെന്നും ചെന്നിത്തല പറഞ്ഞു.സർക്കാരിന്റെ ഉന്നത തലങ്ങളിൽ ഗൂഡാലോചന നടന്നു. നാലേകാൽ കോടിയാണ് കോഴയെന്ന വെളിപ്പെടുത്തൽ ഗൗരവതരമാണ്. കോഴയുടെ വിവരം എല്ലാവർക്കും അറിയാമായിരുന്നു. വിവരം അറിഞ്ഞിട്ടും ധനമന്ത്രി തോമസ് ഐസക്ക് മറച്ചുവച്ചെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. നിയമസഭാ സമ്മേളനത്തിന് മുമ്പേ മുഖ്യമന്ത്രി രാജിവയ്ക്കണം. എം.എൽ.എമാരെ ഇറക്കി ന്യായീകരിച്ചിട്ട് കാര്യമില്ലെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.