‘പ്രഥമദൃഷ്ടാ തെളിവുണ്ട്’, വലിയ ശൃംഖല പിന്നിലുണ്ടെന്ന കുറ്റസമ്മതമൊഴി ചൂണ്ടികാട്ടി കോടതി;സ്വപ്നയ്ക്ക് ജാമ്യമില്ല
കൊച്ചി: സ്വർണകള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മന്റ് ഡയറക്ടറേറ്റ് എടുത്ത് കേസിലും സ്വപ്നയ്ക്ക് ജാമ്യമില്ല. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി സ്വപ്നയുടെ ജാമ്യാപേക്ഷ തള്ളി. പ്രഥമദൃഷ്ടാ പ്രതിക്കെതിരെ തെളിവുണ്ടെന്നാണ് കോടതിയുടെ നിരീക്ഷണം. വലിയ ശൃംഖല കള്ളക്കടത്തിന് പിന്നിലുണ്ടെന്ന് പ്രതി മൊഴി നല്കി. താന്‍ പങ്കാളിയാണെന്ന് പ്രതിയുടെ കുറ്റസമ്മത മൊഴിയുണ്ടെന്നും ജാമ്യാപേക്ഷ തള്ളിക്കൊണ്ട് കോടതി പറഞ്ഞു. അതേസമയം എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത കേസില്‍ സ്വപ്ന സുരേഷ്, സന്ദീപ്, സരിത് എന്നിവരടക്കം എട്ടു പ്രതികളുടെ റിമാൻഡ് കാലാവധി അടുത്ത മാസം പതിനെട്ട് വരെ നീട്ടി. കൊച്ചിയിലെ എൻഐഎ കോടതിയാണ് റിമാൻഡ് നീട്ടിയത്.
ഹവാല, ബിനാമി ഇടപാടുകൾ, കള്ളപ്പണം വെളുപ്പിക്കൽ എന്നിവയുമായി തനിക്ക് യാതൊരുബന്ധവും ഇല്ലെന്നാണ് സ്വപ്നസുരേഷ് ജാമ്യ ഹര്‍ജിയില്‍ വാദിച്ചത്. ഇതുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഒരു തെളിവും ഹാജരാക്കാൻ എൻഫോഴ്സമെന്റ് ഡയറക്ടറേറ്റിന് കഴിഞ്ഞിട്ടില്ല. താൻ സമ്പാദിച്ചത് നിയമപരമായാണെന്നും അനധികൃതമായി ഒരു ഇടപാടും നടത്തിയിട്ടില്ലെന്നുമാണ് സ്വപ്ന സുരേഷിന്റെ വാദം.
എന്നാൽ പ്രതികൾക്ക് ഈ കേസിൽ ബന്ധമുണ്ടെന്നതിന് കേസ് ഡയറിയിൽ മതിയായ തെളിവുകളുണ്ടെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വാധിച്ചു. സ്വപ്ന സുരേഷിന്റെ പേരിലുള്ള രണ്ട് ബാങ്ക് ലോക്കറിലെ പണം സംബന്ധിച്ച് നിരവധി ദുരൂഹതയുണ്ട്. ലോക്കറിൽ സൂക്ഷിച്ച പണം സംബന്ധിച്ച് ദുരൂഹത നിലനിൽക്കുന്നെന്നും ഉന്നത സ്വാധീനമുള്ള സ്വപ്നക്ക് ഉടൻ ജാമ്യം നൽകരുതെന്നുമാണ് എൻഫോഴ്സ്മെന്റ് വാദം