തട്ടിപ്പ് വിവരം അറിഞ്ഞത് മാധ്യമങ്ങളിലൂടെ’; ഓണക്കിറ്റിലെ വിജിലൻസ് അന്വേഷണം തള്ളി മന്ത്രി
വാർത്തക്ക് പിന്നിൽ സർക്കാർവിരുദ്ധ നീക്കമെന്ന് സപ്ലൈക്കോ എം.ഡി.
തിരുവനന്തപുരം: സപ്ലൈകോയുടെ ഓണക്കിറ്റുകളിൽ ഒരു തരത്തിലുള്ള തൂക്കക്കുറവും ഇല്ലെന്ന് മന്ത്രി പി തിലോത്തമന് പിന്നാലെ സപ്ലൈകോ എംഡിയും പ്രതികരിച്ചു. വിജിലൻസ് അന്വേഷണത്തെയും ഇരുവരും തള്ളിയിരിക്കുകയാണ്. പത്രവാർത്തയിൽ നിന്നാണ് വിജിലൻസ് അന്വേഷണം സംബന്ധിച്ച് പല കാര്യങ്ങളും അറിഞ്ഞതെന്നാണ് മന്ത്രിയുടെ വിശദീകരണം.
“അന്വേഷണം സംബന്ധിച്ച് നേരിട്ട് അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. ഏത് ഔട്ട്ലെറ്റിൽ അല്ലെങ്കിൽ ഏത് ഡിപ്പോയിൽ പരിശോധിച്ചപ്പോഴാണ് തൂക്കക്കുറവ് കണ്ടെത്തിയത്. എവിടെയാണ് പറഞ്ഞിട്ടുള്ള സാധനങ്ങൾ ഭക്ഷ്യകിറ്റിൽ ഇല്ലാത്തത്. വിലക്കുറവിന്റെ പ്രശ്നം വേറെയാണ്.”- മന്ത്രി പറഞ്ഞു.
സംസ്ഥാന സർക്കാരിന്റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ശോഭ കെടുത്താനുള്ള നീക്കമാണ് ആരോപണത്തിന് പിന്നിലെന്ന് എംഡി തുറന്നടിച്ചു. സപ്ലൈകോയുടെ വിശ്വാസ്യത തകർക്കാനുള്ള നീക്കമാണിത്. തെറ്റിദ്ധാരണാജനകമായ പ്രചാരണം നടത്തി സപ്ലൈകോ ജീവനക്കാരുടെയും ഉദ്യോഗസ്ഥരുടെയും ആത്മവീര്യം തകർക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കിറ്റിലെ സാധനങ്ങൾക്ക് ഗുണനിലവാരമില്ലെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. മൂന്നാഴ്ചത്തെ സമയം കൊണ്ടാണ് 88 ലക്ഷം ഓണക്കിറ്റ് തങ്ങൾ തയ്യാറാക്കിയത്. ശർക്കരയിൽ സ്വാഭാവികമായും തൂക്കക്കുറവ് വരും, ബാഷ്പീകരണം മൂലം അങ്ങനെ സംഭവിക്കും. കിറ്റിൽ നിന്ന് ശർക്കര ഒഴിവാക്കാൻ ആവും വിധം ശ്രമിച്ചതാണ്. സർക്കാർ നല്ല ഉദ്ദേശ്യത്തിലാണ് ഓണത്തിന് പായസം നല്ലതാണെന്നുള്ള ഉത്തമബോധ്യത്തിൽ ശർക്കരയും നിർദ്ദേശിച്ചതെന്നും എംഡി പറഞ്ഞു.
സംസ്ഥാന സർക്കാർ വിതരണം ചെയ്യുന്ന ഓണക്കിറ്റിൽ ഉത്പന്നങ്ങള്‍ കുറവുണ്ടെന്ന വിജിലന്‍സ് കണ്ടെത്തല്‍ പരിശോധിക്കുമെന്ന് മന്ത്രി നേരത്തെ പ്രതികരിച്ചിരുന്നു. വീഴ്ച പരിശോധിക്കുമെന്നും തൂക്കത്തില്‍ കുറവ് വന്ന പാക്കറ്റുകള്‍ റീപാക്ക് ചെയ്ത് വീണ്ടും വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. വിജിലന്‍സ് റിപ്പോര്‍ട്ട് കിട്ടിയശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി ഉറപ്പ് നല്കി.
മിക്ക കിറ്റുകളിലും 400 മുതൽ 490 രൂപ വരെയുള്ള വസ്തുക്കൾ മാത്രമാണ് ഉള്ളതെന്നും ഗുണനിലവാരവും തൂക്കവും ഉറപ്പ് വരുത്തുന്നതിൽ വീഴ്ച പറ്റിയെന്നുമാണ് വിജിലൻസ് കണ്ടെത്തിയത്. ഓപ്പറേഷൻ ക്ലീൻ കിറ്റ് എന്ന പേരിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിലാണ് കണ്ടെത്തൽ. പാക്കിങ് സ്റ്റോറുകളിലും മാവേലി സ്റ്റോറുകളിലും റേഷൻ കടകളിലുമാണ് വിജിലൻസ് ഇന്നലെ പരിശോധന നടത്തിയത്.
വെളിച്ചെണ്ണയും പഞ്ചസാരയും പായസകൂട്ടുകളും അടക്കം 11 ഇനങ്ങൾ അടങ്ങിയ 500 രൂപ മൂല്യമുള്ള കിറ്റാണ് ഓണം പ്രമാണിച്ച് സംസ്ഥാന സർക്കാർ വിതരണം ചെയ്യുന്നത്. 13 നാണ് വിതരണം തുടങ്ങിയത്. എന്നാൽ 500 രൂപയ്ക്കുള്ള വസ്തുക്കൾ കിറ്റിൽ ഇല്ലെന്ന് വ്യാപകമായി പരാതിയുയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആണ് വിജിലൻസ് മിന്നൽ പരിശോധന നടത്തിയത്. മാവേലി സ്റ്റോറുകളിലും റേഷൻ കടകളിലും 58 പാക്കിങ് സെന്ററുകളിലുമാണ് ഓപ്പറേഷൻ ക്ലീൻ കിറ്റ് നടത്തിയത്. പരാതികൾ എല്ലാം ശരിവയ്ക്കുന്നതാണ് വിജിലൻസിന്റെ കണ്ടെത്തൽ.