നിയമസഹായാവും പ്രവാസിക്കൂട്ടായ്മയുടെ പിന്തുണയും തുണയായി; കാസർകോട് കമ്പല്ലൂർ സ്വദേശി നാട്ടിലേക്ക് മടങ്ങി
ഷാർജ: സന്ദർശക വിസയിലെത്തി കൊറോണയാണെന്ന സംശയത്തിൽ ആത്മഹത്യക്ക് ശ്രമിച്ച യുവാവ് നാട്ടിലേക്ക് മടങ്ങി . കാസർകോട് നീലേശ്വരം കമ്പല്ലൂർ സ്വദേശി പ്രജിൽ കുമാർ (37) ആണ് കഴിഞ്ഞ ദിവസം ഫ്ലൈ ദുബായ് വിമാനത്തിൽ നാട്ടിലേക്ക് മടങ്ങിയത്. യുവാവിനെ യുഎഇയിലെ നിയമ പ്രതിനിധിയും സാമൂഹ്യ പ്രവർത്തകനും ഗ്ലോബൽ പ്രവാസി അസോസിയേഷൻ ചെയർമാനുമായ സലാം പാപ്പിനിശ്ശേരിയും ഗ്ലോബൽ പ്രവാസി അസോസിയേഷൻ ഭാരവാഹികളും ചേർന്നാണ് യാത്രയാക്കിയത്.
ഫെബ്രുവരി 19-നാണ് പ്രജിൽ സന്ദർശക വിസയിൽ യുഎഇയിൽ എത്തുന്നത്. താമസസ്ഥലത്തു വെച്ച് നേരിയ തൊണ്ടവേദനയും ജലദോഷവും പിടിപെട്ടപ്പോൾ കോവിഡ് മഹാമാരിയാണെന്ന തോന്നലിൽ മാർച്ച് നാലിന് ദേര നൈഫിൽ താമസിച്ചിരുന്ന കെട്ടിടത്തിന്റെ മൂന്നാം നിലയിൽനിന്നും താഴേക്ക് ചാടി മരിക്കാൻ ശ്രമം നടതുകയായിരുന്നു. ഒപ്പം താമസിച്ചിരുന്ന ആളുകൾ കണ്ടതോടെയാണ് ആത്മഹത്യ ശ്രമം പരാജയപ്പെട്ടത്. ഉടൻ കൂടെ താമസിക്കുന്നവർ പോലീസിൽ വിവരമറിയിച്ച് ഇദ്ദേഹത്തെ റാഷിദ് ആശുപത്രിയിലെത്തിച്ച് വിഷാദരോഗത്തിനുള്ള ചികിത്സയ്ക്ക് വിധേയമാക്കുകയും ചെയ്തു.
കുടുംബത്തിന്റെ ഏകാശ്രയമായിരുന്നു പ്ലംബർ, ഇലക്ട്രിക്ക് ജോലിയറിയാവുന്ന പ്രജിൽ. പ്രായമായ അച്ഛൻ തളർന്ന് കിടപ്പിലാണ്. അമ്മയ്ക്ക് കാഴ്ചശക്തിയില്ല. ഭാര്യയും നാലുവയസ്സുള്ള മകനുമുണ്ട്. കുടുംബ പ്രാരാബ്ദം കാരണമാണ് ഇദ്ദേഹം യുഎഇയിൽ എത്തിയത്. എന്നാൽ കാര്യമായ ജോലിയൊന്നും തന്നെ തരപ്പെടാത്തത് ഇദ്ദേഹത്തെ മാനസിക സംഘർഷത്തിൽ ആക്കി. മുൻപ് നാട്ടിൽ വെച്ചും പ്രജിൽ ആത്മഹത്യക്ക് ശ്രമിച്ചിട്ടുണ്ട്. അന്ന് വീട്ടുകാർ കണ്ടതുകൊണ്ടാണ് ഇദ്ദേഹത്തെ രക്ഷിക്കാൻ സാധിച്ചത്. പ്രയാസങ്ങൾ കൂടിവന്നതോടെയാണ് ഇദ്ദേഹം യുഎഇയിലേക്ക് എത്തിയത്. നല്ലൊരു ജോലി ലഭിച്ചാൽ കുടുംബത്തിന്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാം എന്ന ഉദ്ദേശത്തോടെയാണ് ഇദ്ദേഹം ദുബായിൽ എത്തുന്നത്. എന്നാൽ കൊറോണ എന്ന പരിഭ്രാന്തിയാണ് ഇദ്ദേഹത്തെ ആത്മഹത്യക്ക് പ്രേരിപ്പിച്ചത്.
പ്രജിലിന്റെ നിസഹായവസ്ഥ മനസിലാക്കിയ ആശുപത്രി അധികൃതർ ഇദ്ദേഹത്തിന്റെ ചികിത്സയ്ക്കായി വന്ന ഭീമമായ തുക ഒഴിവാക്കികൊടുത്തു. ആത്മഹത്യക്ക് ശ്രമിച്ചത് കൊണ്ട് പ്രജിലിനെതിരെ കേസെടുത്തതോടെ പാസ്പോർട്ട് ദുബായ് പോലീസിന്റെ കസ്റ്റഡിയിലായി. ഇതോടെ നാട്ടിലേക്ക് തിരിക്കാൻ പറ്റാത്ത അവസ്ഥയിലായി. ഇനി എന്ത് ചെയ്യുമെന്നറിയാതെ ആകെ പ്രതിസന്ധിയിലായിരിക്കുമ്പോഴാണ് പ്രജിലിന് സഹായവുമായി ഗ്ലോബൽ പ്രവാസി അസോസിയേഷൻ രംഗത്തെത്തുന്നത്.
പ്രജിലിന്റെ നിസഹായാവസ്ഥയറിഞ്ഞ സലാം പാപ്പിനിശ്ശേരിയും ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഗ്ലോബൽ പ്രവാസി അസോസിയേഷൻ ഭാരവാഹികളായ കെ.ടി.പി ഇബ്രാഹിം, അഡ്വ.ശങ്കർ നാരായണൻ, ഫർസാന ജബ്ബാർ, മൻസൂർ ഇ.എം അഴീക്കോട്, മുൻന്തിർ കൽപകഞ്ചേരി, യഹിയ കണ്ണൂർ തുടങ്ങിയവർ ഉടൻ തന്നെ ദുബായ് ഹോസ്പിറ്റൽ സന്ദർശിച്ച് ഇദ്ദേഹത്തിന്റെ പ്രശ്നങ്ങൾ ചോദിച്ചറിഞ്ഞു.
ശേഷം ഹോസ്പിറ്റലിൽ നിന്ന് സലാം പാപ്പിനിശ്ശേരി പ്രജിലിനെ ഡിസ്ചാർജ് ചെയ്യിപ്പിക്കുകയും സ്വന്തം ചിലവിൽ ഷാർജയിലെ ഒരു ഹോട്ടലിൽ താമസിപ്പിക്കുകയും ഭക്ഷണം വസ്ത്രം തുടങ്ങി ഇദ്ദേഹത്തിന് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ എല്ലാം തന്നെ ഒരുക്കുകയും ചെയ്തു. തുടർന്ന് ഇദ്ദേഹം ഇന്ത്യൻ കോൺസുലേറ്റുമായി ബന്ധപ്പെട്ട് നാട്ടിലേക്ക് പോകുന്നതിനായി ഔട്ട് പാസ് ലഭ്യമാകാൻ വേണ്ട താൽകാലിക പാസ്പോർട്ട് ഇന്ത്യൻ കോൺസുലേറ്റിൽ നിന്ന് തരപ്പെടുത്തി നാട്ടിലേക്ക് മടങ്ങുന്നതിനുള്ള ടിക്കറ്റും പ്രജിലിന് സലാം പാപ്പിനിശ്ശേരി നൽകി.ഇദ്ദേഹത്തിന്റെ ഒപ്പം ഉണ്ടായിരുന്ന വർക്കല സ്വദേശി അജീഷ് ഗ്ലോബൽ പ്രവാസി അസോസിയേഷന്റെ നിയമസഹായത്തോടെ കഴിഞ്ഞ ദിവസം നാട്ടിലേക്ക് യാത്രയായിരുന്നു