വനംവകുപ്പിന്റെ അനുമതി വൈകുന്നു. മലയോര ഹൈവേയുടെ വീതി കുറയ്ക്കാൻ ആലോചന.
കാസർകോട് : വനംവകുപ്പിന്റെ അനുമതി വൈകുന്ന സാഹചര്യത്തിൽ വനത്തിനുള്ളിൽ മലയോര ഹൈവേയുടെ വീതി കുറച്ചേക്കും. എടപ്പറമ്പ- കോളിച്ചാൽ റീച്ചിലെ പാണ്ടി മുതൽ പള്ളഞ്ചി പരപ്പ വരെയുള്ള മൂന്നര കിലോമീറ്റർ ദൂരത്താണ് നിലവിലുള്ള വീതിയിൽ കോൺക്രീറ്റ് ചെയ്ത് റോഡ് നിർമിക്കാൻ ധാരണയായത്.
കെ. കുഞ്ഞിരാമൻ എംഎൽഎയുടെ നേതൃത്വത്തിൽ വനം- മരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരടങ്ങിയ സംഘം റോഡ് കടന്നുപോകുന്ന ഭാഗങ്ങളിൽ സംയുക്ത പരിശോധന നടത്തുകയും സാഹചര്യം വിലയിരുത്തുകയും ചെയ്തിരുന്നു. ഇതിനൊടുവിലാണ് ഈ നിർദേശം ഉയർന്നത്. ഇപ്പോൾ 3 മീറ്റർ വീതി മാത്രമാണ് റോഡിനുള്ളത്. ഓവുചാൽ ഉൾപ്പെടെ അഞ്ചര മീറ്റർ വീതിയുണ്ട്. ഈ വീതിയിൽ കോൺക്രീറ്റ് ചെയ്യാൻ തടസ്സമില്ലെന്ന് ഡിഎഫ്ഒ പി.കെ. അനൂപ് കുമാർ അറിയിച്ചു.
അഞ്ചര മീറ്റർ വീതിയിൽ കോൺക്രീറ്റ് ചെയ്യുമ്പോൾ പുതിയതായി വീതി കൂട്ടുകയോ മരങ്ങൾ മുറിക്കുകയോ വേണ്ടതില്ല. ഇതു സംബന്ധിച്ച റിപ്പോർട്ട് വനം ചീഫ് കൺസർവേറ്റർക്കു നൽകുമെന്നും വനംവകുപ്പ് അധികൃതർ കൂടിയാലോചനയിൽ വ്യക്തമാക്കി. വനം വകുപ്പ് അനുമതി നൽകിയാലും അംഗീകരിച്ച 7 മീറ്റർ വീതി കുറയ്ക്കുമ്പോൾ കിഫ്ബിയുടെ പ്രത്യേക അനുമതി വേണ്ടി വരും.
2019 ൽ നിർമാണം തുടങ്ങിയ ഈ റീച്ചിലെ മലയോര ഹൈവേ നിർമാണം പകുതിയിലേറെ പിന്നിട്ടു. വനംവകുപ്പ് അനുമതി നൽകാത്തതിനാൽ പരപ്പയ്ക്കും പാണ്ടിക്കും ഇടയിൽ പണി തുടങ്ങിയിട്ടില്ല. 7 മീറ്റർ ടാറിങ് വീതി ഉൾപ്പെടെ 12 മീറ്ററാണ് മലയോര ഹൈവേയ്ക്ക് ആവശ്യം. എന്നാൽ വനത്തിലൂടെയുള്ള ഭാഗത്ത് അഞ്ചര മീറ്റർ മാത്രമേയുള്ളൂ. കൂടുതൽ ഭൂമി വിട്ടുകിട്ടുന്നതിനായി പഞ്ചായത്ത് കഴിഞ്ഞ ജനുവരിയിൽ ഓൺലൈൻ അപേക്ഷ നൽകിയെങ്കിലും വനംവകുപ്പ് അനുമതി നൽകിയിട്ടില്ല.
കരാർ കാലാവധിക്കുള്ളിൽ പണി പൂർത്തിയാക്കാൻ വേണ്ടിയാണ് വീതി കുറച്ചായാലും കോൺക്രീറ്റ് ചെയ്യുക എന്ന തീരുമാനത്തിലേക്ക് ഒടുവിൽ അധികൃതർ എത്തിയത്. വനം റേഞ്ച് ഓഫിസർ എൻ. അനിൽ കുമാർ, മരാമത്ത് അസി. എക്സിക്യൂട്ടീവ് എൻജിനീയർ കെ. രാജീവൻ, ദേലംപാടി പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ രത്തൻ കുമാർ നായിക്, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.
ബോവിക്കാനം- കുറ്റിക്കോൽ റോഡിലും ഉദ്യോഗസ്ഥ സന്ദർശനം
ബോവിക്കാനം ∙ ബോവിക്കാനം- കുറ്റിക്കോൽ റോഡിലും വനം- മരാമത്ത് ഉദ്യോഗസ്ഥർ സന്ദർശിച്ചു. വനത്തിലൂടെ കടന്നുപോകുന്ന ബോവിക്കാനം മുതൽ കാനത്തൂർ വരെയുള്ള ഭാഗത്തായിരുന്നു പരിശോധന. കെ. കുഞ്ഞിരാമൻ എംഎൽഎയുടെ നേതൃത്വത്തിൽ ഡിഎഫ്ഒ പി.കെ. അനൂപ് കുമാർ, റേഞ്ച് ഓഫിസർ എൻ. അനിൽ കുമാർ, മരാമത്ത് അസി. എക്സിക്യൂട്ടീവ് എൻജിനീയർ കെ. രാജീവൻ എന്നിവരാണ് പരിശോധന നടത്തിയത്.
നിലവിലുള്ള റോഡിന്റെ വീതിയും ആവശ്യമായ വനഭൂമി എത്രയാണെന്ന് കണ്ടെത്തുകയുമായിരുന്നു ഉദ്ദേശ്യം. മുളിയാർ പഞ്ചായത്ത് പ്രസിഡന്റ് ഖാലിദ് ബെള്ളിപ്പാടി, ജനപ്രതിനിധികൾ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു. കിഫ്ബിയിൽ അനുവദിച്ച 53 കോടി രൂപ ചെലവിൽ നിർമിക്കുന്ന റോഡ് കുറ്റിക്കോലിൽ നിന്ന് ഒരു മാസം മുൻപ് തുടങ്ങിയിരുന്നു.