കാസർകോട് ജനറൽ ആസ്പത്രിക്ക് 20 ലക്ഷം രൂപ; ജില്ലാ ആസ്പത്രിക്ക് 12.21 ലക്ഷം
കാസർകോട് : കോവിഡ് രണ്ടാംഘട്ടത്തിൽ ഏറ്റവും അധികം രോഗികളെ ചികിത്സിച്ച് ഭേദമാക്കിയ കാസർകോട് ജനറൽ ആസ്പത്രിക്ക് ദേശീയ ആരോഗ്യപദ്ധതി മുഖേന 20 ലക്ഷം രൂപ ലഭിച്ചു. കോവിഡ് കാലത്തെ വരുമാനനഷ്ടത്തെ തുടർന്നാണ് ഫണ്ട് അനുവദിച്ചത്. ആസ്പത്രി മാനേജ്മെന്റ് കമ്മിറ്റിയാണ് തുക കൈകാര്യം ചെയ്യുക.
ശമ്പളച്ചെലവ്, രോഗികൾക്കായുള്ള സൗകര്യങ്ങൾ വർധിപ്പിക്കൽ, ബ്ലഡ് കമ്പോണന്റ് സെപ്പറേഷൻ യൂണിറ്റ് പ്രവർത്തനം പൂർത്തിയാക്കാൻ നാലുലക്ഷം രൂപ, കോവിഡ് കാലത്ത് ജീവനക്കാർ ഉപയോഗിക്കുന്ന പി.പി.ഇ. കിറ്റ്, എൻ 95 മാസ്കുകൾ തുടങ്ങിയ െചലവുകൾ ഈ തുക ഉപയോഗിച്ച് പരിഹരിക്കാനാകും. നിലവിൽ ആസ്പത്രിയിൽ പ്രവേശിപ്പിക്കുന്ന രോഗികളുടെയെല്ലാം ആന്റിജൻ പരിശോധന നടത്തുന്നുണ്ട്. ആന്റിജൻ പരിശോധനയ്ക്കും ഫണ്ടിൽനിന്ന് തുക അനുവദിക്കും.
എൻ.എച്ച്.എം. നൽകിയ 20 ലക്ഷം രൂപ കൂടാതെ കഴിഞ്ഞ അഞ്ചുവർഷക്കാലം മുൻകൂറായി എം ആൻഡ് എസ് ഫണ്ടായി ലബോറട്ടറി കെമിക്കൽസ് വാങ്ങാൻ െചലവാക്കിയ തുക സർക്കാരിൽ നിന്ന് നേരിട്ട് തിരികെ ലഭിച്ചെന്നും ജനറൽ ആസ്പത്രി സൂപ്രണ്ട് കെ.രാജാറാം പറഞ്ഞു.
സംസ്ഥാനതലത്തിൽ ശമ്പളമടക്കമുള്ള െചലവുകൾ നേരിടാൻ 33 കോടി രൂപ നാഷണൽ ഹെൽത്ത് മിഷന് അനുവദിച്ചു. അതിൽ ജില്ലയ്ക്ക് 33,91,838 രൂപ ലഭിച്ചു. ജനറൽ ആസ്പത്രിക്കൊപ്പം കാഞ്ഞങ്ങാട് ജില്ലാ ആസ്പത്രിക്ക് 12,21,838 രൂപ, മാവിലാകടപ്പുറം പി.എച്ച്.സി.ക്ക് 60,000 രൂപ, പൂല്ലൂർ 10,000 രൂപയും ലഭിച്ചിട്ടുണ്ട്.