മംഗളൂരു വിമാനത്താവളത്തിലെ ബോംബ് ഭീഷണി: ഒരാൾ അറസ്റ്റിൽ
മംഗളൂരു : മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബോംബ് വെച്ചെന്ന ഭീഷണി മുഴക്കിയ ആൾ പോലീസ് പിടിയിൽ. കാർക്കള ഹബ്രിക്കടുത്ത മുറാഡി തുണ്ടുഗുഡെയിലെ വസന്ത് ഷെരിഗാറിനെ(33)യാണ് മംഗളൂരു സിറ്റി ക്രൈംബ്രാഞ്ച് പോലീസ് വ്യാഴാഴ്ച ഉച്ചയോടെ അറസ്റ്റ് ചെയ്തത്. വിമാനത്താവളത്തിലെ മുൻ ഡയറക്ടർ എം.ആർ.വാസുദേവയുടെ ഫോണിലേക്ക് ബുധനാഴ്ച ഉച്ചയോടെയാണ് മംഗളൂരു വിമാനത്താവളത്തിൽ ബോംബ് വെച്ചതായുള്ള വിളിയെത്തിയത്. തുടർന്ന് വാസുദേവ എയർപോർട്ട് ഡയറക്ടർ വി.വി.റാവുവിനെ വിവരമറിയിച്ചു. ബോംബ് സ്ക്വാഡെത്തി വിമാനത്താവളത്തിലെ എല്ലായിടത്തും പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. വ്യാജ ബോംബ് ഭീഷണിയാണിതെന്ന് തിരിച്ചറിഞ്ഞതോടെ വിമാനത്താവള അധികൃതർ ബജ്പെ പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതിപ്രകാരം മംഗളൂരു ക്രൈംബ്രാഞ്ചും സംഭവത്തിൽ ഇടപെട്ടു. ബോംബ് വെച്ചെന്ന് വിളിച്ചു പറഞ്ഞയാളുടെ ഫോൺനമ്പർ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ കാർക്കളയിൽ നിന്നാണ് വിളിച്ചതെന്നും ഹെബ്രി സ്വദേശിയാണിതെന്നും പോലീസ് തിരിച്ചറിഞ്ഞു. ഫോൺ നമ്പർ തിരിച്ചറിഞ്ഞതോടെ നടത്തിയ അന്വേഷണത്തിൽ ഉഡുപ്പി പോലീസിന്റെ സഹായത്തോടെ വസന്തിനെ പിടികൂടി. ഫോൺ വിളിച്ച വസന്തിന് മാനസികാസ്വാസ്ഥ്യം ഉള്ളതായി പോലീസ് അറിയിച്ചു.