കോവിഡിനെ പിടിച്ചുകെട്ടാന്‍ പ്രതിരോധ മരുന്നിനായുള്ള കാത്തിരിപ്പിലാണ് ജനങ്ങള്‍ ഒന്നടങ്കം.അതിനിടെ ഇന്ത്യയില്‍ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത രണ്ട് കോവിഡ് -19 വാക്സിനുകളുടെ രണ്ടാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ ഏറെക്കുറെ പൂര്‍ത്തിയായതായി ഐസിഎംആറിലെ ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു.
കേന്ദ്രം തീരുമാനിച്ചാല്‍ വാക്സിന് അടിയന്തര അംഗീകാരം പരിഗണിക്കാമെന്നും ഐസിഎംആറിലെ ഉന്നത ഉദ്യോഗസ്ഥര്‍ ബുധനാഴ്ച പാര്‍ലമെന്ററി പാനലിനോട് പറഞ്ഞു. ഭാരത് ബയോടെക്, കാഡില, സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ എന്നിവര്‍ വികസിപ്പിച്ചെടുത്ത വാക്സീനുകള്‍ പരീക്ഷണങ്ങളുടെ വിവിധ ഘട്ടങ്ങളിലാണെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) ഡയറക്ടര്‍ ജനറല്‍ ബല്‍റാം ഭാര്‍ഗവ ഗാര്‍ഹികകാര്യ പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങളെ അറിയിച്ചു.
ഭാരത് ബയോടെക്, കാഡില എന്നിവര്‍ വികസിപ്പിച്ചെടുത്ത കോവിഡ്-19 വാക്സീനുകള്‍ രണ്ടാം ഘട്ട പരീക്ഷണങ്ങള്‍ വിജയകരമായി പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്. സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ കൈകാര്യം ചെയ്യുന്നതും ഓക്സ്ഫഡ് യൂണിവേഴ്സിറ്റി വികസിപ്പിച്ചതും ഈ വാരാന്ത്യത്തില്‍ ഘട്ടം -2 (ബി) പരീക്ഷണങ്ങളിലേക്ക് പ്രവേശിക്കും.
ഇതിനായി രാജ്യത്തൊട്ടാകെയുള്ള 17 കേന്ദ്രങ്ങളില്‍ 1,700 രോഗികളെ കണ്ടെത്തിയിട്ടുണ്ട്. സാധാരണഗതിയില്‍ അന്തിമ പരീക്ഷണത്തിന് ആറ് മുതല്‍ ഒന്‍പത് മാസം വരെ സമയമെടുക്കുമെങ്കിലും സര്‍ക്കാരുകള്‍ തീരുമാനിച്ചാല്‍ വാക്സീനുകള്‍ക്ക് അടിയന്തര അംഗീകാരം പരിഗണിക്കാമെന്ന് യോഗത്തില്‍ പങ്കെടുത്ത എംപിമാരും പറഞ്ഞു.