ആഞ്ഞടിച്ച് വിവാദങ്ങളുടെ കൊടുങ്കാറ്റ്, തകർന്നടിയുമോ തുടർഭരണ സ്വപ്നം !
തിരുവനന്തപുരം : യു.എ.ഇ കോൺസുലേറ്റുമായി മന്ത്രി കെ.ടി. ജലീൽ നടത്തിയ ഇടപാടുകൾ പ്രതിപക്ഷ പാർട്ടികൾ ആയുധമാക്കുന്നതിനിടെ ജലീലിന്റെ ചട്ടങ്ങൾ മറികടന്നുള്ള ഇടപാടുകളിൽ സി.പി.എമ്മിനുള്ളിൽ തന്നെ കടുത്ത അസംതൃപ്തിയെന്ന് സൂചന. സി.പി.ഐ നനേതൃത്വം വിവാദത്തിൽ സി.പി.എമ്മിനെ അതൃപ്തി അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സി.പി.എമ്മിനുള്ളിൽ തന്നെ സ്വരച്ചേർച്ചയില്ലായ്മ പുറത്തുവരുന്നത്. സ്വർണക്കടത്ത് കേസിനിടെ ജലീൽ വിഷയത്തിന്റെ കടന്നുവരവ് പിണറായി സർക്കാരിന് കടുത്ത മങ്ങലേൽപ്പിച്ചതായാണ് ഒരു വിഭാഗത്തിന്റെ ആരോപണം.തിരഞ്ഞെടുപ്പ് അടുത്തു നില്ക്കെ ഇത്തരത്തിലുള്ള വിവാദങ്ങൾ സർക്കാരിന്റെ തുടർഭരണം എന്ന മോഹത്തിന് മങ്ങലേൽപ്പിക്കുമെന്നാണ് നേതൃത്വത്തിനുള്ളിലുള്ളവർ ചൂണ്ടിക്കാട്ടുന്നത്. മുഖ്യമന്ത്രിയുടെ മുൻ സെക്രട്ടറി എം. ശിവശങ്കറിന്റെ പേര് സ്വർണക്കടത്തിൽ ഉയർന്നു കേട്ടനാൾ മുതൽ തന്നെ സർക്കാർ തലവേദനയിലാണ്. സർക്കാരിന്റെ തുടർഭരണ മോഹങ്ങളെ വെട്ടിവീഴ്ത്താനുള്ള ആയുധമായാണ് സ്വർണക്കടത്ത് കേസിനെയും ശിവശങ്കറിന്റെ പങ്കിനെയും പ്രതിപക്ഷം കാണുന്നത്. ഇതിനിടെയാണ് ജലീലിന്റെ ചട്ടങ്ങൾ മറികടന്നുള്ള ഇടപാടുകൾ വെളിച്ചത്തുവരുന്നത്. ഇതു കൂടി വന്നതോടെ ആകെ പ്രതിസന്ധിയിലാണ് സർക്കാർ.വകുപ്പ് മേധാവികൾ നേരിട്ട് വിദേശ എംബസികളുമായി ഇടപെടുന്നത് വിലക്കിക്കൊണ്ടുള്ള ഉത്തരവ് സംസ്ഥാന സർക്കാർ തന്നെ ഇറക്കിയിരുന്നു. ഇത് മറികടന്നാണ് ജലീലിന്റെ നിയന്ത്രണത്തിലുള്ള വകുപ്പ് യു.എ.ഇ കോൺസുലേറ്റുമായി നേരിട്ട് ഇടപ്പെട്ടത്. കോൺസുലേറ്റ് ഉദ്യോഗസ്ഥരുമായി ജലീൽ സമ്പർക്കം പുലർത്തിയിരുന്നു. സാമൂഹ്യക്ഷേമ – ജീവകാരുണ്യ പ്രവർത്തനങ്ങൾക്കെന്ന പേരിലാണ് സഹായങ്ങൾ കൈപ്പറ്റിയത്. ഇതിനിടെ സ്വർണക്കടത്ത് പ്രതികൾ വഴി സഹായങ്ങൾ സ്വീകരിച്ചത് വൻ തിരിച്ചടിയായിരിക്കുകയാണ്. കോൺസുലേറ്റ് വഴി മതഗ്രന്ഥങ്ങൾ കൊണ്ടുവന്നത് എന്തിനെന്ന പ്രതിപക്ഷ പാർട്ടികളുടെ ചോദ്യത്തിന് മുന്നിൽ പാർട്ടിയ്ക്ക് കൃത്യമായ ഉത്തരമില്ല. ആരോപണങ്ങൾ ഉയർന്നപ്പോൾ തന്നെ ജലീലിനെ നിയന്ത്രിക്കണമായിരുന്നുവെന്നാണ് പാർട്ടിയ്ക്കുള്ളിലെ ചില മുതിർന്ന നേതാക്കൾ പറയുന്നത്. പാർട്ടിയുടെ പ്രതിച്ഛായ വീണ്ടെടുക്കാൻ സമഗ്രമായ മാറ്റങ്ങൾക്ക് വിധേയമാകണമെന്നാണ് മുതിർന്ന നേതാക്കളുടെ അഭിപ്രായം.