പ്രണബ് മുഖർജിയുടെ ആരോഗ്യനില വഷളായി; വെന്റിലേറ്ററിൽ തുടരുന്നു
ന്യൂഡൽഹി: ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ ആരോഗ്യ നില വഷളായതായി മെഡിക്കൽ ബുള്ളറ്റിൻ. അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ യാതൊരു പുരോഗതിയുമില്ലെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. ഡോക്ടർമാരുടെ വിദ്ധഗ്ധ സംഘം പ്രണബിനെ പരിചരിക്കാനായി ഉണ്ടെന്നും ആശുപത്രി അറിയിച്ചു. തലച്ചോറിൽ രക്തം കട്ട പിടിച്ചത് നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയക്ക് ശേഷം വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് പ്രണബ് മുഖർജി ജീവൻ നിലനിർത്തുന്നത്. ശസ്ത്രക്രിയക്ക് മുമ്പ് അദ്ദേഹത്തിന് കൊവിഡ് സ്ഥരീകരിച്ചിരുന്നു.എല്ലാ ആശംസകളും ഡോക്ടർമാരുടെ ആത്മാർത്ഥമായ പരിശ്രമവും കൊണ്ട് പിതാവിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് പ്രണബ് മുഖർജിയുടെ മകൻ അഭിജിത് മുഖർജി രാവിലെ ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. അദ്ദേഹത്തിന്റെ ജീവന് വേണ്ടി എല്ലാവരും പ്രാർത്ഥിക്കണമെന്നും അഭിജിത് അഭ്യർത്ഥിച്ചിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് ആശുപത്രിയുടെ മെഡിക്കൽ ബുള്ളറ്റിൻ പുറത്തുവരുന്നത്. ഓഗസ്റ്റ് പത്താം തീയതിയാണ് പ്രണബ് മുഖർജിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ത്യയുടെ പതിമൂന്നാമത്തെ രാഷ്ട്രപതിയായിരുന്ന പ്രണബ് മുഖർജി രാജ്യം കണ്ട ഏക്കലാത്തെയും ധനമന്ത്രിമാരിൽ ഒരാൾ കൂടിയാണ്.