ശിവശങ്കറിനെ വിമർശിച്ച മന്ത്രിമാരെ കളിയാക്കി വി ഡി സതീശൻ: ‘ഇവരുടെ നാവ് ഇതുവരെ ഉപ്പിലിട്ട് ഉണക്കി വച്ചിരിക്കുകയായിരുന്നോ?’
തിരുവനന്തപുരം:സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ തളളിപ്പറഞ്ഞ സി പി എം മന്ത്രിമാരെ കളിയാക്കി കോൺഗ്രസ് നേതാവും എം എൽ എയുമായ വി.ഡി സതീശന്റെ ഫേസ്ബുക്ക് പോസ്റ്റ്. സ്വർണക്കടത്ത് പ്രശ്നം കത്തി നിൽക്കുമ്പോൾ കൂടിയ മന്ത്രിസഭാ യോഗത്തിൽപ്പോലും ഒരക്ഷരം പറയാത്ത മന്ത്രിമാരാണ് ഇപ്പോൾ ഇറങ്ങിയിരിക്കുന്നതെന്നും ഇവരുടെയൊക്കെ നാവ് ഇതുവരെ ഉപ്പിലിട്ട് ഉണക്കി വച്ചിരിക്കുകയായിരുന്നോ എന്നുമാണ് പോസ്റ്റിൽ അദ്ദേഹം ചോദിക്കുന്നത്. കുരുക്കുകൾ മുറുകുമ്പോൾ നാവ് അറിയാതെ പുറത്ത് വരും എന്നും അദ്ദേഹം പറയുന്നുണ്ട്.ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപംശിവശങ്കർ ദുർഗന്ധമായിരുന്നെന്ന് മന്ത്രി സുധാകരൻ. കടുത്ത വഞ്ചകനെന്ന് മന്ത്രി കടകംപളളി. സമാനമായ അഭിപ്രായവുമായി മന്ത്രി തോമസ് ഐസക്കും.വരുന്ന ദിവസങ്ങളിൽ സി പി എമ്മിന്റെ എല്ലാ മന്ത്രിമാരും ഇതു പോലെ ശിവശങ്കറിനെ തളളിപ്പറയും. എ.കെ. ജി സെന്ററിൽ തയ്യാറാക്കിയ ഈ തിരക്കഥയനുസരിച്ച് സി പി ഐ ഉൾപ്പെടെയുള്ള മറ്റ് ഘടകകക്ഷികളുടെ മന്ത്രിമാർ കൂടി ഇതുപോലെ പറയുമോ എന്ന് മാത്രമാണ് ഇനി അറിയാനുളളത്.
സ്വർണക്കള്ളക്കടത്ത് പ്രശ്നം കത്തി നിൽക്കുമ്പോൾ കൂടിയ മന്ത്രിസഭാ യോഗത്തിൽ പോലും ‘ കമ’ എന്ന അക്ഷരം പോലും പറയാത്ത മന്ത്രിമാരാണ് ഇപ്പോൾ ഇറങ്ങിയിരിക്കുന്നത്. ഇവരുടെയൊക്കെ നാവ് ഇതുവരെ ഉപ്പിലിട്ട് വച്ചിരിക്കുകയായിരുന്നോ?കുരുക്കുകൾ മുറുകുമ്പോൾ നാവ് അറിയാതെ പുറത്ത് വരും !!!