സ്വർണക്കടത്തു കേസ്; ശിവശങ്കറിനെ ഈയാഴ്ച തന്നെ വീണ്ടും ചോദ്യം ചെയ്തേക്കും
തിരുവനന്തപുരം: നയതന്ത്രചാനൽ വഴിയുള്ള സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ ഈയാഴ്ച തന്നെ വീണ്ടും വിളിച്ചു വരുത്തി ചോദ്യം ചെയ്തേക്കുമെന്ന് സൂചന. കേസിലെ പ്രതിയായ സ്വപ്ന സുരേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്യാൻ ഒരുങ്ങുന്നത്.കഴിഞ്ഞ ദിവസം സ്വപ്ന സുരേഷിന്റെ ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട് വാദം കേൾക്കുന്നതിനിടെ ശിവശങ്കറിന്റെ പേര് പരാമർശിച്ച് കൂടുതൽ അന്വേഷണം വേണമെന്ന് ആന്വേഷണസംഘം ആവശ്യപ്പെട്ടിരുന്നു. ലൈഫ് മിഷൻ പദ്ധതിയിലെ കരാറുകാരോട് ശിവശങ്കറിനെ കാണാൻ യു.എ.ഇ കോൺസുൽ ജനറൽ എന്തിനാണ് ആവശ്യപ്പെട്ടതെന്ന് പരിശോധിക്കും.കേസിലെ നാലു പ്രതികളെ എൻ.ഐ.എ കഴിഞ്ഞദിവസം കസ്റ്റഡിയിൽ വാങ്ങിയിരുന്നു. മുഹമ്മദ് അൻവർ, ഹംജദ് അലി, ടി.എം. സംജു, ഹംസത് അബ്ദുസലാം എന്നിവരെ ആഗസ്റ്റ് 21 വരെയാണ് എൻ.ഐ.എ ചോദ്യംചെയ്യാൻ കസ്റ്റഡിയിൽ വാങ്ങിയത്.