വിജയവാഡയില്‍ ദമ്പതികളടക്കം മൂന്നുപേരെ കാറിനുള്ളിലിട്ട് തീകൊളുത്തി; ഒരാളുടെ നില അതീവഗുരുതരം
വിജയവാഡ: ആന്ധ്രാപ്രദേശിലെ വിജയവാഡയില്‍ ദമ്പതികളടക്കം മൂന്നുപേരെ പട്ടാപ്പകല്‍ കാറിനുള്ളിലിട്ട് തീകൊളുത്തി. ഒരാള്‍ക്കു ഗുരുതരമായി പൊള്ളലേറ്റു. യൂസ്ഡ് കാര്‍ വ്യാപാരിയായിരുന്ന ഗംഗാധറിനും ഭാര്യയ്ക്കും സുഹൃത്തിനുമാണ് പൊള്ളലേറ്റത്. സുഹൃത്തിന്റെ നില ഗുരുതരമാണെന്ന് പൊലീസ് വ്യക്തമാക്കി. വേണുഗോപാല്‍ റെഡ്ഡി എന്നയാള്‍ക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഇയാള്‍ ഒളിവില്‍ പോയിരിക്കുകയാണ്. യൂസ്ഡ് കാറുകളുടെ ബിസിനസുമായി ബന്ധപ്പെട്ട തര്‍ക്കമാണ് വേണുഗോപാല്‍ റെഡ്ഡിയെ ഇത്തരമൊരു ക്രൂരതക്ക് പ്രേരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.
വ്യാപാര പങ്കാളികളായിരുന്ന വേണുഗോപാല്‍ റെഡ്ഡിയും ഗംഗാധറും തമ്മില്‍ കാര്‍ വ്യാപാരത്തില്‍ നഷ്ടം തുടങ്ങിയതോടെ തര്‍ക്കമുണ്ടായി. ഇതേക്കുറിച്ച് സംസാരിക്കാന്‍ ഗംഗാധറുമായി വേണുഗോപാല്‍ റെഡ്ഡി നിരവധി തവണ ചര്‍ച്ചയ്ക്കു ശ്രമിച്ചെങ്കിലും അദ്ദേഹം മറുപടി നല്‍കിയിരുന്നില്ല. തിങ്കളാഴ്ച ഗംഗാധര്‍ ഭാര്യയ്ക്കും ഒരു സുഹൃത്തിനുമൊപ്പം വേണുഗോപാലിനെ കാണാനെത്തി. നാലുപേരും കാറിനുള്ളിലിരുന്ന് ചര്‍ച്ച നടത്തുന്നതിനിടെ പുകവലിക്കാനെന്ന വ്യാജേന വേണുഗോപാല്‍ പുറത്തിറങ്ങി. മദ്യക്കുപ്പിയില്‍ കൊണ്ടുവന്ന പെട്രോള്‍ കാറിന് മുകളിലൊഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.