ബക്കറ്റിൽ ആരും ഒഴിവുകൾ കൊണ്ടുവച്ചിട്ടില്ല; പി.എസ്.സിയിൽ അഴിമതിയും സ്വജനപക്ഷപാതവുമില്ലെന്ന് ചെയർമാൻ
തിരുവനന്തപുരം: റാങ്ക് ലിസ്റ്റുകളുടെ എണ്ണം അനാവശ്യമായി വെട്ടിച്ചുരുക്കാൻ പി.എസ്.സിക്ക് സാധിക്കില്ലെന്ന് ചെയർമാൻ എം.കെ സക്കീർ. ഒഴിവിന്റെ അഞ്ചിരട്ടി ഉദ്യോഗാർത്ഥികളെ ഉൾപ്പെടുത്തണമെന്നാണ് യു.പി.എസ്.സി നിയമം. ഉദ്യോഗാർത്ഥികളെ ഒപ്പം നിർത്തി പ്രശ്നമുണ്ടാക്കുന്നത് ആക്ഷേപകരമാണ്. റാങ്ക് ലിസ്റ്റിൽ കൂടുതൽ പേരെ ഉൾപ്പെടുത്താനാണ് പി.എസ്.സി ശ്രമിക്കുന്നത്. നിലവിൽ ചട്ടപ്രകാരം മാത്രമാണ് ഉദ്യോഗാർത്ഥികളെ ലിസ്റ്റിൽ ഉൾപ്പെടുത്തുന്നതെന്നും ബക്കറ്റിൽ ആരും ഒഴിവുകൾ കൊണ്ടുവച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.മുൻകാലങ്ങളിൽ നടന്ന രീതി തന്നെയാണ് സംസ്ഥാനത്ത് പി.എസ്.സിയിൽ ഇപ്പോഴും നടക്കുന്നത്. എണ്ണവും കാലവും അനുസരിച്ചുള്ള മാറ്റങ്ങളാണ് പി.എസ്.സി വരുത്തുന്നത്. ഒഴിവുകളെ സംബന്ധിച്ച തീരുമാനമെടുക്കുന്നത് പി.എസ്.സിയല്ല. അപ്പോയ്മെന്റ് അതോറിട്ടിയുടെ തീരുമാനം അതേപടി നടപ്പാക്കുകയാണ് പി.എസ്.സി ചെയ്യുന്നത്. പി.എസ്.സി അനാവശ്യമായി ക്രൂശിക്കപ്പെടുകയാണ്. എല്ലാവരേയും പറഞ്ഞുമനസിലാക്കാൻ പൊതുയോഗം വിളിക്കാൻ പി.എസ്.സിക്ക് സാധിക്കില്ലെന്നും ഇതൊരു ഭരണഘടന സ്ഥാപനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.പി.എസ്.സിയിൽ യാതൊരുവിധ അഴിമതിയും സ്വജനപക്ഷപാതവുമില്ല. റാങ്ക് ലിസ്റ്റ് സംബന്ധിച്ച് ആർക്ക് വേണമെങ്കിലും പരാതിപ്പെടാം. അതനുസരിച്ചുള്ള നടപടിക്രമങ്ങൾ ചെയ്യും. പി.എസ്.സി ചെയർമാനോ ഉദ്യോഗസ്ഥനോ തനിഷ്ട പ്രകാരം പ്രവർത്തിക്കാൻ സാധിക്കില്ല. പലപ്പോഴും പരാതികൾ തെറ്റിദ്ധാരണകളാൽ സൃഷ്ടിക്കപ്പെടുകയാണ്. റാങ്ക് ലിസ്റ്റ് കാലാവധി കഴിയുമ്പോൾ മറ്റൊരു റാങ്ക് ലിസ്റ്റില്ലെങ്കിൽ നിലവിലുള്ള റാങ്ക് ലിസ്റ്റിന്റെ കാലാവധി കൂട്ടാനാകില്ല. അത് പി.എസ്.സി നിയമത്തിന് വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.ഒരേ ആളുകൾ തന്നെ പല റാങ്ക് ലിസ്റ്റുകളിൽ ഇടം നേടാറുണ്ട്. ചിലർ ഏറ്റവും സൗകര്യപ്രദമായ ജോലി സ്വീകരിച്ച് മുന്നോട്ടുപോകും. അപ്പോൾ തൊട്ടുതാഴെയുള്ള ആളുകളെ ഈ റാങ്കിലേക്ക് പരിഗണിക്കും. ഉദ്യോഗാർത്ഥികൾ തമ്മിലുള്ള മത്സരവും പ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്. 2015ൽ 68 ലക്ഷം ഉദ്യോഗാർത്ഥികളാണ് കേരളത്തിലുണ്ടായിരുന്നത്. 2018ൽ ഇത് ഒരു കോടി കഴിഞ്ഞു. ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് ഒന്നേകാൽ കോടി ഉദ്യോഗാർത്ഥികൾ കേരളത്തിലുണ്ട്. അതിനാലാണ് കാലം ആവശ്യപ്പെടുന്ന മാറ്റങ്ങൾ പി.എസ്.സി വരുത്തുന്നതെന്നും പി.എസ്.സി ചെയർമാൻ വ്യക്തമാക്കി.